മൂന്നാം ബലാത്സംഗ കേസ്; രാഹുൽ എംഎൽഎ സ്ഥാനത്തു തുടരാൻ യോ​ഗ്യനല്ല, നടപടിക്ക് നിയമോപദേശം തേടും : സ്പീക്കർ

തിരുവനന്തപുരം: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്തു തുടരുന്നത് മോശം സന്ദേശമെന്ന് സ്പീക്കർ എഎൻ ഷംസീർ. ഒരു ആരോപണമല്ല, തുടർച്ചയായി ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. വളരെ ഗൗരവമേറിയ കാര്യമാണിത്. എത്തിക്‌സ് ആന്റ് പ്രവിലേജ് കമ്മിറ്റി പരിശോധിക്കുമെന്നും സ്പീക്കർ ഷംസീർ പറഞ്ഞു.

രാഹുലിനെ അറസ്റ്റ് ചെയ്ത വിവരം അടക്കം ഔദ്യോഗികമായി നിയമസഭയെ അറിയിക്കേണ്ടതാണ്. അതിനുശേഷം നിയമസഭ ഇക്കാര്യം പരിശോധിക്കും. അയോഗ്യനാക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ നിയമവിദഗ്ധരുമായി ചർച്ച ചെയ്യുമെന്നും സ്പീക്കർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നാം ബലാത്സംഗക്കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് രാത്രി 12.30 ഓടെ നാടകീയമായി അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ക്രൂരമായ ബലാത്സംഗവും നിർബന്ധിത ഗർഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് രാഹുലിന്റെ അറസ്റ്റ്.