കോട്ടയം: മേൽവസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ കയറാൻ അനുവദിക്കണമെന്ന ശിവഗിരി ധർമ സംഘം ട്രസ്റ്റ് അധ്യക്ഷൻ സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചതിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്. കാലങ്ങളായി നിലനിന്ന് പോകുന്ന ആചാരങ്ങൾ മാറ്റണമെന്ന് എന്തിന് പറയുന്നുവെന്ന് സുകുമാരൻ നായർ ചോദിച്ചു. മന്നം ജയന്തി ആഘോഷപരിപാടിയിൽ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ ഷർട്ട് ധരിച്ചാണ് പോകുന്നത്. ഈ വ്യാഖ്യാനങ്ങളെല്ലാം ഹിന്ദുവിന്റെ പുറത്തുമാത്രമേയുള്ളോ?. ഇന്നത്തെ കാലത്തിന് പറ്റാത്ത കാര്യങ്ങൾ മറ്റ് മതങ്ങളും പിന്തുടരുന്നുണ്ട്. അതിനെ വിമർശിക്കാൻ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോയെന്നും സുകുമാരൻ നായർ ചോദിച്ചു.


‘ഇന്നലെ വന്ന ഒരു വാർത്തയാണ്. ക്ഷേത്രത്തിൽ ഉടുപ്പ് ധരിച്ച് പ്രവേശനം സംബന്ധിച്ചാണ്. സ്വാമി സച്ചിദാനന്ദയെ പിന്തുണച്ച് മുഖ്യമന്ത്രിയെന്നാണ് അത്. അവരെല്ലാം കൂടി തീരുമാനിച്ചു ക്ഷേത്രങ്ങളിൽ ഉടുപ്പ് ഇടാതെ കയറാമെന്ന്. ഇത് സവർണരുടെ ആധ്യപത്യമാണെന്ന്. ചിലർ കേട്ടതായി പറയുന്നുണ്ട്. നമ്പൂതിരിയാണോ എന്ന് തിരിച്ചറിയാനാണ് ഈ പൂണുൽ ഇടുന്നതെന്ന്. ഈ വ്യാഖ്യാനങ്ങളെല്ലാം ഹിന്ദുവിന്റെ പുറത്തുമാത്രമേയുള്ളോ?. ഇവിടെ ക്രൈസ്തമതവിഭാഗങ്ങളുണ്ട്. അവരുടെ ആചാരമനുസരിച്ച് ഇന്നത്തെ കാലത്തിന് പറ്റാത്ത കാര്യങ്ങൾ ഒക്കെയില്ലേ? പക്ഷേ അത് അവരുടെ ആചാരമനുസരിച്ച് ഉള്ളതാണ്. മുസ്ലീം സമുദായത്തിനുണ്ട് അവരുടെ വസ്ത്രധാരണത്തിലായാലും മറ്റുള്ളതിലുമെല്ലാം. ഓരോ നടപടിക്രമങ്ങളുണ്ട്. അതിനെ വിമർശിക്കാൻ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോ. ഇല്ല’ ‘അതിനെ സംബന്ധിച്ച് നമുക്ക് പറയാൻ അവകാശമുണ്ട്. ഹിന്ദു എന്ന് പറയുന്നത് ഇവർ മാത്രമല്ല. ഒരു സംഘടന ഹിന്ദുമതങ്ങളുടെ പ്രതിനിധി എന്ന നിലയിലാണ് പറയുന്നത്. എന്നിട്ട് ഞങ്ങളുടെ ക്ഷേത്രത്തിൽ അത് നടപ്പാക്കാൻ തീരുമാനിച്ചു എന്നും അവർ പറഞ്ഞു. ഓഹോ നമുക്ക് എന്ത് തർക്കം. അവരുടെ ക്ഷേത്രങ്ങളിൽ ഷർട്ട് ഇട്ട് പോകുന്നതിനെ നമ്മൾ എന്തിനാണ് എതിർക്കാൻ പോകുന്നത്. ആ ക്ഷേത്രങ്ങളിൽ പോകാൻ ഏതെങ്കിലും നായരോ മറ്റ് ഇതര സമുദായക്കാരോ പോകുന്നുണ്ടെങ്കിൽ ഷർട്ട് ഇട്ടുപോയിക്കോട്ടെ. അതിൽ പ്രയാസമില്ല. പക്ഷേ കാലാതീതങ്ങളിൽ നിലനിൽക്കുന്ന ആചാരക്രമങ്ങൾ മാറ്റാൻ പറയാൻ ഇവർ ആരാ. ഇത് വിശ്വാസികളുടെ അവകാശമാണ്. മുഖ്യമന്ത്രി അതിനെ പിന്തുണച്ചു. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.’
ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്. ഉടുപ്പ് ഇട്ട് കയറാൻ പറ്റുന്ന ക്ഷേത്രമുണ്ട്. ശബരിമലയിൽ ഉടുപ്പ് ഇട്ട് കയറാം. ചിലയിടങ്ങളിൽ അങ്ങനെയല്ല. ഭദ്രകാളി ക്ഷേത്രം മന്നത്തുപത്മനാഭനാണ് എല്ലാവർക്കുമായി തുറന്നുകൊടുത്തത്. അവിടെ എല്ലാവരും ഷർട്ട് ഇട്ടും ഷർട്ട് ഇല്ലാതെയും വിശ്വാസം അനുസരിച്ചാണ് കയറുന്നത്. ഓരോ ക്ഷേത്രങ്ങളുടെ ആചാരഘടനയ്ക്ക് വിഘ്‌നം വരാത്ത രീതിയിൽ പോകാനുള്ള സ്വാതന്ത്ര്യം ഹൈന്ദവസമൂഹത്തിൽപ്പെട്ടവർക്ക് ഉണ്ടെന്നതാണ് എൻഎസ്എസിന്റെ നിലപാട്’- ജി സുകുമാരൻ നായർ പറഞ്ഞു.























