വീടിനുള്ളിൽ അതിക്രൂരമായ പീഡനം, ആരെങ്കിലും എന്നെ ഒന്നു രക്ഷിക്കൂ : പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത

സ്വന്തം വീട്ടിൽനിന്ന് കടുത്ത ഉപദ്രവം നേരിടുന്നുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടി തനുശ്രീ ദത്ത. വീടിനുള്ളിൽ അതിക്രൂരമായ പീഡനമാണ് താൻ നേരിടുന്നതെന്നും ആരെങ്കിലും വന്നു തന്നെ രക്ഷിക്കുമോ എന്ന അപേക്ഷയുമായി പൊട്ടിക്കരഞ്ഞുകൊണ്ടുള്ള വിഡിയോ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.

വീട്ടിലെ ഉപദ്രവം സഹിക്കവയ്യാതെ താൻ പൊലീസിനെ വിളിച്ചുവെന്നും അവർ വീട്ടിലേക്ക് എത്തി, ഔദ്യോഗികമായി പരാതി നൽകാൻ ആവശ്യപ്പെട്ടുവെന്നും നടി കണ്ണീരോടെ വിഡിയോയിൽ പറയുന്നു. സഹിച്ച് മതിയായി എന്നും ആരോഗ്യം വരെ ഇക്കാരണത്താൽ ക്ഷയിച്ചെന്നും തനുശ്രീ വ്യക്തമാക്കുന്നു. ‘‘വീട്ടിൽ തനിക്കായി സഹായികളെ പോലും വയ്ക്കാനാകുന്നില്ല. വീട് ആകെ അലങ്കോലമാണ്. ജോലി ചെയ്യാൻ സാധിക്കുന്നില്ല. വീട്ടുകാർ ഏർപ്പെടുത്തിയ സഹായികളാണ് വീട്ടിൽ നിൽക്കുന്നത്. അവരാകട്ടെ തൻറെ സാധന സാമഗ്രികൾ മോഷ്ടിച്ചുകൊണ്ട് പോകുകയാണ്. കിടക്കുന്ന മുറിയുടെ വാതിൽക്കൽ പോലും ആളുകൾ വന്ന് മുട്ടുകയാണ്. ആരെങ്കിലും എന്നെ സഹായിക്കൂ, മടുത്തു.’’–ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ തനുശ്രീ പറയുന്നു. 2018 ൽ താൻ മീ ടൂ വെളിപ്പെടുത്തൽ നടത്തിയതിനു പിന്നാലെയാണ് തനിക്ക് നേരെ കുടുംബാംഗങ്ങൾ തിരിഞ്ഞതെന്നും അവർ വിഡിയോയിൽ പറയുന്നു. വൈകിപ്പോകുന്നതിന് മുൻപ് ആരെങ്കിലും എന്തെങ്കിലും ചെയ്യുമോയെന്നും അവർ ചോദിക്കുന്നു.

പശ്ചാത്തലത്തിൽ ചില ശബ്ദങ്ങൾ കേൾക്കുന്ന മറ്റൊരു വിഡിയോയും അവർ പങ്കുവച്ചു. ‘‘2020 മുതൽ മിക്കവാറും എല്ലാ ദിവസവും അസമയത്ത് ഇതുപോലുള്ള ഉച്ചത്തിലുള്ള ശബ്ദങ്ങളും എന്റെ മേൽക്കൂരയ്ക്ക് മുകളിലും വാതിലിന് പുറത്തും വളരെ ഉച്ചത്തിലുള്ള മുട്ടലുകളും ഞാൻ നേരിട്ടിട്ടുണ്ട്! ബിൽഡിങ് മാനേജ്മെന്റിനോട് പരാതിപ്പെട്ട് ഞാൻ മടുത്തു, കുറച്ച് വർഷങ്ങൾക്ക് മുൻപേ ഇത് ഉപേക്ഷിച്ചതാണ്. ഇതിനൊപ്പം തന്നെ ജീവിച്ചു പോകുന്നു. ആ സമയങ്ങളിൽ ഹെഡ്ഫോൺ വച്ച് ഹിന്ദു മന്ത്രങ്ങൾ കേട്ടുകൊണ്ടിരിക്കും.

ഇന്ന് എനിക്ക് ഒട്ടും സുഖമില്ലായിരുന്നു, നിങ്ങൾക്കറിയാവുന്നതുപോലെ കഴിഞ്ഞ 5 വർഷമായി നിരന്തരമായ സമ്മർദ്ദവും ഉത്കണ്ഠയും നേരിട്ടതിന്റെ ഫലമായി എനിക്ക് ക്രോണിക് ഫെറ്റീഗ് സിൻഡ്രോം ഉണ്ടായി. ഞാൻ എന്താണ് നേരിടുന്നതെന്ന് എല്ലാവർക്കും മനസ്സിലാകും. എഫ്ഐആറിൽ ഞാൻ ഇനിയും ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തും.’’–വിഡിയോയുടെ അടിക്കുറിപ്പായി നടി കുറിച്ചു.

‘ഹോൺ ഓക്കെ പ്ലീസ്’ എന്ന ചിത്രത്തിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ നടൻ നാന പടേക്കർ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു 2018 ൽ തനുശ്രീയുടെ വെളിപ്പെടുത്തൽ. നാന പടേക്കർ ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തിരുന്നു. നാന പടേക്കർക്ക് പുറമെ കോറിയോഗ്രാഫർ ഗണേഷ് ആചാര്യ, നിർമാതാവ് സമീ സിദ്ദിഖി, സംവിധായകൻ രാകേഷ് സാരങ് എന്നിവരെ നുണപരിശോധനയ്ക്കും ബ്രെയിൻ മാപിങിനും വിധേയരാക്കണമെന്നും സത്യം പുറത്തുവരുമെന്നുമായിരുന്നു തനുശ്രീയുടെ അഭിഭാഷകൻ ഓഷീവാര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്.

ഈ സംഭവത്തിനുശേഷം സിനിമയിൽ വീണ്ടും സജീവമാകാൻ ശ്രമിക്കുന്ന തനിക്കെതിരെ ഭീഷണിയും വധശ്രമവുമുണ്ടാകുന്നുവെന്നും തനുശ്രീ വെളിപ്പെടുത്തിയിരുന്നു.