ആലപ്പുഴ: കേരളത്തിന്റെ വിപ്ലവ സൂര്യൻ ഒടുവിൽ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തി. കളിച്ചു വളർന്ന വീട്ടിൽ അവസാനമായി വി എസ് എത്തിയപ്പോൾ, സ്ത്രീകളും കുട്ടികളും വൃദ്ധരും, സാമൂഹിക-സാംസ്‌കാരിക-മത നേതാക്കളുമടക്കം അന്തിമോപചാരം അർപ്പിക്കാനായി പതിനായിരങ്ങളാണ് എത്തിച്ചേർന്നത്. വീടിനകത്ത് ആദ്യത്തെ 10 മിനിറ്റ് കുടുംബാംഗങ്ങൾക്ക് മാത്രം അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കുക. വീട്ടിൽ വിഎസിന്റെ പത്‌നി വസുമതി, മകൾ ആശ, വി എസിന്റെ സഹോദരി ആഴിക്കുട്ടി തുടങ്ങിയ കുടുംബാംഗങ്ങളുണ്ട്. വീട്ടുകാരുടെ അന്തിമോപചാരത്തിന് ശേഷം വീടിന് പുറത്തെ പന്തലിൽ പൊതു ദർശനം. വീട്ടിൽ എത്തിയ എല്ലാവരെയും വിഎസിനെ കാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനും അനുവദിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. തുടർന്ന് ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിന് വെക്കും. ഡി സി ഓഫീസിലെ പൊതുദർശനം ഒരു മണിക്കൂറിൽ നിന്നും അര മണിക്കൂറായി വെട്ടിച്ചുരുക്കിയിട്ടുണ്ട്.

തുടർന്ന് ആലപ്പുഴ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാകും. തുടർന്ന് വൈകീട്ട് പോരാളികളുടെ മണ്ണായ ആലപ്പുഴ വലിയചുടുകാട്ടിലാണ് വി എസിന്റെ സംസ്‌കാരം നടക്കുക. അനന്തപുരിയിൽ നിന്നും വിപ്ലവമണ്ണായ പുന്നപ്രയിലേക്ക് ഇന്നലെ ഉച്ചയ്ക്ക് 2.25 ഓടെയാണ് വിഎസിന്റെ വിലാപയാത്ര ആരംഭിച്ചത്. മൂന്നു ജില്ലകളിലായി, 151 കിലോമീറ്റർ ദൂരം നീളുന്ന വിലാപയാത്ര 22 മണിക്കൂർ പിന്നിട്ട്, ഇന്നുച്ചയ്ക്ക് 12.22 നാണ് വിഎസിന്റെ ഭൗതികദേഹം പുന്നപ്രയിലെ ജന്മനാട്ടിലേക്കെത്തിയത്. വേലിക്കകത്ത് വീടിന് സമീപം ആയിരക്കണക്കിന് ആളുകളാണ് പ്രിയ സഖാവിനെ ഒരുനോക്കു കാണാനായി തടിച്ചു കൂടിയിട്ടുള്ളത്. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, എം വി ഗോവിന്ദൻ, സിപിഎം നേതാക്കൾ, മന്ത്രിമാർ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, എൻ കെ പ്രേമചന്ദ്രൻ എംപി, കോൺഗ്രസ് നേതാവ് എം ലിജു, മുൻമന്ത്രി ജി സുധാകരൻ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ വിഎസിന്റെ വേലിക്കകത്ത് വീട്ടിൽ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തിച്ചേർന്നിരുന്നു. തിരുവനന്തപുരത്തു നിന്നും പുന്നപ്ര വരെ, രാത്രിയും മഴയും വകവെക്കാതെ വഴിയോരങ്ങളിൽ കാത്തുനിന്ന ജനസഹസ്രങ്ങളുടെ ഹൃദയാഞ്ജലി ഏറ്റുവാങ്ങിയാണ് വി എസിന്റെ അന്ത്യയാത്രയെത്തിയത്.

























