തിരുവനന്തപുരം: നമ്മുടെ ആൾക്കാർക്കു വായ്പ നൽകിയെന്നും പല കാരണങ്ങളാൽ അവരുടെ തിരിച്ചടവു വൈകുന്നുവെന്നും എഴുതിവച്ചാണ് ബിജെപി കൗൺസിലർ തിരുമല അനിൽ ജീവനൊടുക്കിയത്. എല്ലാ സംഘങ്ങളിലും ഉള്ളതു പോലെ ഒരു പ്രതിസന്ധി മാത്രമാണ് താൻ പ്രസിഡന്റായ ഫാം ടൂർ സൊസൈറ്റിയിൽ ഉണ്ടായതെന്നും അനിൽ ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബെനാമി വായ്പകൾ നൽകിയിട്ടില്ലെന്നും പാർട്ടിയെയോ പ്രവർത്തകരെയോ വഞ്ചിച്ചിട്ടില്ലെന്നും അനിൽകുമാർ എഴുതിയിട്ടുണ്ട്. ‘‘ഫിക്സഡ് ഡിപ്പോസിറ്റ് ഉള്ള എല്ലാവർക്കും പണം കൊടുത്തു. മുൻപുണ്ടായിരുന്നതു പോലെ ചിട്ടിയോ, ദിവസവരുമാനങ്ങളോ ഇല്ലാതായി. സ്ഥിരനിക്ഷേപമിട്ടവർ പണം തിരികെ ആവശ്യപ്പെട്ട് ആവശ്യത്തിലധികം സമ്മർദം ചെലുത്തുന്നു. തിരിച്ചു പിടിക്കാൻ ധാരാളം തുകയുണ്ട്. ഞാനോ സംഘത്തിലെ ഭരണസമിതിയോ ഒരു ക്രമക്കേടും കാട്ടിയിട്ടില്ല. അതെല്ലാം രേഖകൾ പരിശോധിച്ചാൽ വ്യക്തമാകും’’– അനിൽ കുറിപ്പിൽ പറയുന്നു. ആത്മഹത്യ ചെയ്ത മുറിയിലെ മേശപ്പുറത്തു കവറിൽ തന്റെ മരണാനന്തര ചടങ്ങിനായി അനിൽ കുമാർ 10,000 രൂപ മാറ്റിവച്ചിരുന്നു. 6 കോടി രൂപയുടെ ബാധ്യതയാണ് സൊസൈറ്റിക്കുള്ളത്. പൊലീസിനെ ഉപയോഗിച്ചു സിപിഎം ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് അനിൽ ജീവനൊടുക്കിയതെന്ന് ബിജെപി ആരോപിക്കുന്നതിനിടെയാണ് അനിലിന്റെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നത്. ‘

























