ഹൈബി ഈഡനെ കൊല്ലുമെന്ന് ഭീഷണി, വീട്ടിൽ കടന്നുകയറി അക്രമം; യുവാവ് അറസ്റ്റിൽ

കൊച്ചി : ഹൈബി ഈഡൻ എംപിക്കെതിരെ വധഭീഷണി മുഴക്കുകയും, വീട്ടുവളപ്പിൽ കടന്ന് അക്രമം നടത്തുകയും ചെയ്തയാൾ പിടിയിൽ. തൃപ്പൂണിത്തുറ സ്വദേശി അലക്‌സ് ചാക്കോയാണ് (43) അറസ്റ്റിലായത്. കലൂർ ജോർജ് ഈഡൻ റോഡിലെ അമ്പാട്ട് വീട്ടിൽ ഇന്നലെ പുലർച്ചെ രണ്ടേമുക്കാലോടെയായിരുന്നു അക്രമം. വീട്ടുവളപ്പിൽ അതിക്രമിച്ചു കടന്ന് സാധനസാമഗ്രികൾ ഇയാൾ അടിച്ചുതകർത്തിരുന്നു. താൻ എംപിയുടെ വസതിയിൽ അതിക്രമം നടത്തിയെന്നും കാർ കത്തിക്കാൻ പോവുകയാണെന്നും പ്രതി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചിരുന്നു. രാത്രി 12.45ന് പ്രതി എംപിയുടെയും ഭാര്യയുടെയും വാട്‌സാപ് നമ്പറുകളിലേക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നു. ഫോണിൽ വിളിച്ചും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. പുലർച്ചെ 3 മണിയോടെ എന്തോ എറിഞ്ഞു പൊട്ടിക്കുന്ന ശബ്ദം കേട്ടതായി ഹൈബിയുടെ ഭാര്യ അന്ന ലിൻഡ പറഞ്ഞു.

രാവിലെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വീടിനു മുന്നിലെ മുപ്പതോളം സെറാമിക് ചെടിച്ചട്ടികൾ സിറ്റ്ഔട്ടിലും സമീപത്തുമായി അടിച്ചു തകർത്തതു കണ്ടത്. പൊട്ടിക്കിടക്കുന്ന ചെടിച്ചട്ടികൾക്ക് ഇടയിൽനിന്നു മുന്നിലെ സിസിടിവി ക്യാമറയിൽ മുഖം പതിയുന്ന വിധത്തിൽ സെൽഫി വിഡിയോ എടുത്ത പ്രതി ഈ ദൃശ്യങ്ങളും, അക്രമവിവരം പൊലീസിൽ കൺട്രോൾ റൂമിൽ അറിയിക്കുന്നതിന്റെ ഫോൺ റെക്കോർഡിങ്ങും ഹൈബിക്കും ഭാര്യയ്ക്കും വാട്‌സാപ്പിൽ അയച്ചു നൽകുകയും ചെയ്തിരുന്നു. ഹൈബി ഈഡന്റെ പ്രീഡിഗ്രി കാലത്തെ സഹപാഠിയാണ് അലക്‌സ്. വീടിന്റെ ജപ്തി നടപടികൾ ഹൈബി ഇടപെട്ടു തടയണം എന്ന ആവശ്യം പ്രതി ഉന്നയിച്ചിരുന്നു. എന്നാൽ, ബാങ്ക് നടപടികളിൽ സാധ്യമാകുന്ന തരത്തിൽ ഇടപെട്ടിരുന്നുവെന്നും, പൂർണമായും ലോൺ തിരിച്ചടയ്ക്കുന്നത് ഒഴിവാക്കാനാവില്ലെന്നും ഹൈബി അറിയിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് അതിക്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു.