ആറ്റുകാൽ പൊങ്കാലയ്ക്കിടെ തട്ടിപ്പ്: കാർ പാർക്കിങ്ങിന് 400 രൂപ, രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല അർപ്പിക്കാൻ എത്തിയ ഭക്തരിൽ നിന്ന് പാർക്കിങ്ങിന്റെ പേരിൽ അനധികൃത പിരിവ് നടത്തിയ രണ്ട് പേർ പിടിയിൽ. എസ് എം വി ഗവൺമെന്റ് സ്‌കൂൾ പിടിഎ പ്രസിഡന്റ് ഉൾപ്പടെ രണ്ട് പേരാണ് പിടിയിലായത്. ഒരു കാർ പാർക്ക് ചെയ്യുന്നതിനായി 400 രൂപയാണ് ഇവർ ഭക്തരിൽ നിന്ന് വാങ്ങിയത്. പി ടി എ വികസന ഫണ്ടിന്റെ റസീത് ആണ് വാഹന ഉടമകൾക്ക് നൽകിയത്. സംഭവത്തിൽ പിടിഎ പ്രസിഡന്റ് കർണൻ, ഭാരവാഹി ഹാഷിം എന്നിവർക്കെതിരെ കേസെടുത്തു.

തമ്പാനൂർ പൊലീസ് ആണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ കരുതൽ അറസ്റ്റിലാക്കി. പൊങ്കാലയോടനുബന്ധിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും പിരിവ് നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്. അനധികൃത പിരിവിന്റെ പേരിൽ നിരവധി പരാതികൾ കിട്ടിയെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം കോർപറേഷനും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഐരാണിമുട്ടത്ത് താൽക്കാലികമായി തട്ടിക്കൂട്ടിയ സ്വകാര്യ പാർക്കിങ് കേന്ദ്രത്തിന്റെ പ്രവർത്തനം മേയർ വി വി രാജേഷ് ഇടപെട്ട് നിർത്തിവെപ്പിച്ചിരുന്നു. തുടർന്ന് അനുവദനീയ നിരക്ക് മാത്രമേ ഈടാക്കൂ എന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനാനുമതി നൽകി. സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നേടണം എന്നാണ് കോർപറേഷൻ കൗൺസിൽ പാസാക്കിയ നിയമാവലിയിലെ പ്രധാന നിർദേശം. ഓരോ തരം വാഹനങ്ങളിൽ നിന്ന് ഈടാക്കേണ്ട നിരക്കും നിയമാവലിയിലുണ്ട്.