വോട്ടർപ്പട്ടിക ക്രമക്കേട് വിവാദം; കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിൽ

തൃശൂർ: വോട്ടർപ്പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തി. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ കേന്ദ്രമന്ത്രി തൃശൂരിലേക്ക് തിരിച്ചു. സുരേഷ്‌ ഗോപിയുടെ തൃശൂരിലെ ഓഫീസിന് മുന്നിലെ ബോർഡിൽ സിപിഐഎം പ്രവർത്തകർ കരിഓയിൽ ഒഴിച്ചതിനെ തുടർന്നുണ്ടായ സിപിഐഎം -ബിജെപി സംഘർഷങ്ങൾക്കിടെ ആണ് തൃശൂരിലെത്തുന്നത്. രാവിലെ ഒൻപതരയോടെ വന്ദേഭാരത് ട്രെയിനിലാണ് അദ്ദേഹം തൃശൂരിലെത്തുക. എംപി ഓഫീസിൽ കരിഓയിൽ ഒഴിച്ചതിൽ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന പ്രതിഷേധ മാർച്ചിൽ സുരേഷ് ഗോപി പങ്കെടുക്കും. വിവാദങ്ങളിൽ സുരേഷ്‌ ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

റെയിൽവേ സ്റ്റേഷനിൽ സുരേഷ് ഗോപിക്ക് ബിജെപി സ്വീകരണം നൽകുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഇന്നലെ സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ദിശ ബോർഡിൽ പ്രവർത്തകൻ കരിയോയിൽ ഒഴിക്കുകയായിരുന്നു. ഇതേതുടർന്ന്, സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ച് അക്രമാസക്തമാവുകയും സിപിഐഎം- ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തു. സുരേഷ്‌ഗോപിയുടെ ഓഫീസ് സിപിഐഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ചാണ് പ്രതിഷേധം. ഈ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി എന്ന തൃശ്ശൂരിലെത്തുന്നത്. മൂന്ന് ബിജെപി പ്രവർത്തകർക്കും ഒരു സിപിഐഎം പ്രവർത്തകനും സംഘർഷത്തിൽ പരുക്കേറ്റിരുന്നു. പരിക്കേറ്റ പ്രവർത്തകരെ സന്ദർശിക്കുന്നതിനൊപ്പം തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷൻ ഓഫീസിലേക്ക് നടക്കുന്ന മാർച്ചിലും സുരേഷ് ഗോപി പങ്കെടുക്കും.