‘എന്റെ അറിവോടെ അല്ലാതെ ഒരു നടിയോട് വിവാഹ അഭ്യർഥന നടത്തി ’; മാനേജർക്കെതിരെ ഉണ്ണി മുകുന്ദൻ

മാനേജർ വിപിൻ കുമാറിനെ മർദ്ദിച്ചെന്ന ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി നടൻ ഉണ്ണി മുകുന്ദൻ. സ്വന്തം ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലാണ് വിപിൻ കുമാർ എന്ന വ്യക്തിയിൽ നിന്ന് നേരിട്ട അനീതികൾ ഉണ്ണി മുകുന്ദൻ പങ്കുവച്ചത്. സ്വന്തം മാനേജരായി വിപിൻ എന്ന വ്യക്തിയെ ഒരിക്കലും നിയമിച്ചിട്ടില്ല വിപിൻ ആരോപിച്ചതുപോലെ അയാളെ താൻ ശാരീരികമായി കയ്യേറ്റം ചെയ്തിട്ടില്ലെന്നും ഫ്ലാറ്റിന്റെ പാർക്കിങ്ങിലുള്ള സിസിടിവികൾ പരിശോധിച്ചാൽ അക്കാര്യത്തിൽ വ്യക്തത വരുമെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.

തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഒരു നടിയോട് തന്നെ വിവാഹം കഴിക്കണം എന്ന് വിപിൻ ആവശ്യപ്പെട്ടത് താനും അയാളും തമ്മിൽ വലിയൊരു കലഹത്തിന് കാരണമായി എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. തന്റെ വിജയത്തിൽ അസൂയ ഉള്ള ചിലർ വിപിന് പിന്തുണയായിട്ടുണ്ടെന്നും എത്ര ആരോപണങ്ങൾ ഉയർന്നാലും താൻ സത്യത്തിൽ മാത്രം വിശ്വസിച്ച് മുന്നോട്ട് പോകുമെന്നും ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഉണ്ണി മുകുന്ദന്റെ കുറിപ്പിന്റെ പൂർണരൂപം:

‘‘2018-ൽ ഞാൻ എന്റെ സ്വന്തം ബാനറിൽ ആദ്യചിത്രം നിർമിക്കാൻ ഒരുങ്ങുമ്പോഴാണ് വിപിൻ കുമാർ എന്ന വ്യക്തി എന്നെ സമീപിച്ചത്. സിനിമാരംഗത്തെ നിരവധി പ്രശസ്ത താരങ്ങളുടെ പ്രഫഷനൽ റിലേഷൻസ് ഓഫിസറായാണ് അയാൾ സ്വയം പരിചയപെടുത്തിയത്. എന്റെ മാനേജരായി ഒരിക്കലും വിപിൻ എന്ന വ്യക്തിയെ ഔദ്യോഗികമായി നിയമിച്ചിട്ടില്ല. വിപിനുമായി ആദ്യമായി പ്രശ്നമുണ്ടായത് അടുത്തിടെ റിലീസ് ചെയ്ത എന്റെ ‘മാർക്കോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തായിരുന്നു. സെബാന്റെ നേതൃത്വത്തിലുള്ള ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സിലെ ജീവനക്കാരനുമായി വിപിൻ വലിയൊരു പ്രശ്‌നത്തിലായിരുന്നു. അത് ഞങ്ങളുടെ സിനിമയ്ക്ക് വലിയൊരു ആഘാതം ആയിരുന്നു. കൂടാതെ, ചിത്രത്തിന്റെ മുഴുവൻ ക്രെഡിറ്റും എനിക്ക് നൽകുന്നില്ലെന്ന് പറഞ്ഞ് വിപിൻ പ്രശ്നം ഉണ്ടാക്കി. പക്ഷേ, അത് എന്റെ എത്തിക്ക്സിന് എതിരായിരുന്നു.

ഈ വ്യക്തി കാരണമാണ് എന്റെ ജോലിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായതെന്ന് പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്. ഈ വ്യക്തി നടത്തുന്ന അപവാദ പ്രചാരണങ്ങളും ഗോസിപ്പുകളും പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് നിരവധി സിനിമാപ്രവർത്തകരിൽ നിന്ന് പരാതികൾ ലഭിച്ചിട്ടുണ്ട്. പ്രശസ്തരായ പല സംവിധായകരിൽ നിന്നും വിപിനെക്കുറിച്ച് പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ വ്യക്തി ഒരു സഹപ്രവർത്തകൻ എന്ന നിലയിലും ഒരു സുഹൃത്ത് എന്ന നിലയിലും എനിക്ക് പൊറുക്കാൻ കഴിയാത്ത പല അതിരുകടന്ന പ്രവർത്തികളും ചെയ്തിട്ടുണ്ട്.

നേരിൽ കണ്ട് ഇതേപ്പറ്റി സംസാരിച്ചപ്പോൾ അയാൾ എന്റെ ആശങ്കകളെല്ലാം അവഗണിക്കുകയാണ് ചെയ്തത്. ഇൻഡസ്ട്രിയിലുള്ള എന്റെ ചില സുഹൃത്തുക്കളുടെ പിന്തുണ അയാൾക്കുണ്ടെന്നാണ് അയാൾ അവകാശപ്പെട്ടത്. പിന്നീട് എന്റെ അടുത്ത സുഹൃത്തായ വിഷ്ണു ഉണ്ണിത്താന്റെ സാന്നിധ്യത്തിൽ അദ്ദേഹം എന്റെ മുന്നിൽ എല്ലാ തെറ്റുകൾക്കും മാപ്പ് പറഞ്ഞിരുന്നു. (ഇത് വിഷ്ണു തന്നെ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.)

എന്റെ ഡിജിറ്റൽ ഡാറ്റയിൽ അയാൾക്ക് ആക്‌സസ് ഉണ്ടായിരുന്നതിനാൽ, ഞാൻ അയാളോട് ഒരു മാപ്പ് എഴുതണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മാപ്പ് പറയുന്നതിന് പകരം, പൂർണമായും വ്യാജവും ഭീഷണിസ്വരമുള്ളതുമായ ആരോപണങ്ങൾ എന്നെക്കുറിച്ച് സമൂഹമാധ്യമങ്ങളിലും ന്യൂസ് പോർട്ടലുകളിലും പ്രചരിപ്പിക്കുന്നതാണ് ഞാൻ കണ്ടത്.

വിപിൻ ആരോപിക്കുന്നതുപോലെ ഞാൻ അയാളെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. അയാളുടെ ആരോപണങ്ങൾ മുഴുവൻ വ്യാജമാണ്. സംഭവം നടന്ന സ്ഥലം മുഴുവൻ സിസിടിവിയുടെ നിരീക്ഷണത്തിലാണ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും നിഗമനത്തിൽ എത്തുന്നതിന് മുമ്പ് ഈ വിവരം പരിശോധിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

ഇതിൽ കൂടാതെ അടുത്ത അഞ്ചു വർഷത്തേക്ക് ‘എനിക്ക് സമയം ഇല്ല’ എന്നു പറഞ്ഞ് എനിക്ക് വന്ന പല അവസരങ്ങളും ഈ വ്യക്തി നഷ്ടപ്പെടുത്തി എന്നാണ് എനിക്ക് കിട്ടിയ വിവരം. എന്നെക്കുറിച്ച് മനുഷ്യവിരുദ്ധമായ അപവാദങ്ങൾ അയാൾ പ്രചരിപ്പിച്ചിട്ടുണ്ട്. എന്റെ അറിവില്ലാതെ എന്നെ വിവാഹം ചെയ്യാനായി അയാൾ ഒരു നടിയോട് ആവശ്യപ്പെട്ടത് ഞാനും അയാളും തമ്മിൽ വലിയൊരു കലഹമുണ്ടാകാൻ കാരണമായിട്ടുണ്ട്. അയാൾക്കുള്ള എല്ലാ സ്വാധീനവും ഉപയോഗിച്ച് സമൂഹത്തിലുള്ള എന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുമെന്നുള്ള ഭീഷണിയും അയാൾ മുഴക്കി. ഞാൻ എന്റെ സഹപ്രവർത്തകരുമായി എല്ലായ്പോഴും വളരെ പ്രഫഷനൽ ആയ ബന്ധം ഞാൻ കാത്തുസൂക്ഷിക്കാറുണ്ട്. പക്ഷേ, ഈ വ്യക്തിയുടെ മനസ്സ് വിഷലിപ്തമാണ്.

ഈ വ്യക്തി പറയുന്ന ഓരോ വാക്കും കള്ളമാണ്. അയാളുടെ എല്ലാ ആരോപണങ്ങളും ഞാൻ നിഷേധിക്കുന്നു. ഞാൻ അയാൾക്ക് ഈസിയായി ഒരു ഇരയായിരുന്നു, വ്യക്തിപരമായ ലാഭത്തിനായി എന്നെ ഭീഷണിപ്പെടുത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുകയാണ് അയാൾ.

എന്റെ സ്വകാര്യജീവിതത്തിലും പ്രഫഷനൽ ജീവിതത്തിലും അസൂയ ഉള്ള ചിലർ ഈ വ്യക്തിയെ സഹായിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞാൻ കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശ്രമത്തിലൂടെയുമാണ് എന്റെ കരിയർ ഉണ്ടാക്കിയത്. ഞാൻ പലതരത്തിലുള്ള പീഡനങ്ങൾക്കും അപവാദപ്രചാരണങ്ങൾക്കും വിധേയനായേക്കാം. എങ്കിലും

ഞാൻ സത്യത്തിൽ വിശ്വസിക്കുന്നു

സ്നേഹത്തോടെ ഉണ്ണി മുകുന്ദൻ.