കൊച്ചി: വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ വിതരണം ചെയ്യാൻ തയ്യാറാക്കിയ, പഴകിയ ഭക്ഷണം പിടികൂടി. കൊച്ചി കടവന്ത്രയിൽനിന്നാണ് ഭക്ഷണം പിടികൂടിയത്. ആരോഗ്യവിഭാഗം പരിശോധനയ്‌ക്കെത്തിയപ്പോൾ ഭക്ഷണം അടച്ചുവെയ്ക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്നു. ‘ബൃദ്ധാവൻ ഫുഡ് പ്രൊഡക്ഷൻ’ എന്ന പേരിൽ കടവന്ത്രയിൽ സ്വകാര്യവ്യക്തി നടത്തുന്ന സ്ഥാപനമാണിത്. വന്ദേഭാരതിന്റെ സ്റ്റിക്കർ പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തി.

സ്വകാര്യ വ്യക്തി കരാറെടുത്ത സ്ഥാപനമാണിത്. ഇവിടെ നിന്നാണ് ട്രെയിനിലടക്കം ഭക്ഷണം വിതരണം ചെയ്യുന്നത്. ഇവിടെ നിന്നും തയ്യാറാക്കുന്ന ഭക്ഷണം കവറുകളിലാക്കിയാണ് ട്രെയിനുകളിൽ വിതരണം ചെയ്യുന്നത്. മുട്ട, സാമ്പാർ, ചപ്പാത്തി അടക്കമുള്ള പഴകിയ ഭക്ഷണമാണ് കണ്ടെത്തിയത്. ദുർഗന്ധം കാരണം നിൽക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. വൃത്തിഹീനമായി സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിക്കുന്നു എന്ന പരാതിയിലാണ് കൊച്ചി കോർപ്പറേഷൻ ആരോഗ്യം വിഭാഗം പരിശോധനയ്‌ക്കെത്തിയത്. അതിഥി തൊഴിലാളികളാണ് കാറ്ററിങ് സെന്ററിലെ പാചകകാർ. കാലാവധി കഴിഞ്ഞ ഭക്ഷണമാണ് പിടികൂടിയതെന്നും അടപ്പില്ലാതെ തുറന്നനിലയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു. സ്ഥാപനത്തിന് ലൈസൻസില്ല. നേരത്തെ മാലിന്യപ്രശ്‌നത്തിന്റെ പേരിൽ പതിനായിരം രൂപ പിഴ ഈടാക്കിയിരുന്നയായും ഉദ്യോഗസ്ഥർ പറഞ്ഞു.

























