തൊടുപുഴ: വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ ഇന്ന് പാടും. സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ച് വാഴത്തോപ്പിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്റെ പരിപാടി. കേസിൽ ഉൾപ്പെട്ട ശേഷം വേടൻ നടത്തുന്ന ആദ്യ സ്റ്റേജ് ഷോയാണിത്.

വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് രാത്രി 7.30 നാണ് വേടന്റെ റാപ്പ് സംഗീത പരിപാടി നടക്കുക. വേടന്റെ പരിപാടിയിൽ 8000 പേർക്കാണ് പ്രവേശനം അനുവദിക്കുകയെന്ന് പൊലീസ് അറിയിച്ചു. സ്ഥലപരിമിതി മൂലമാണ് തീരുമാനം. സുരക്ഷയ്ക്കായി 200 പൊലീസുകാരെ നിയോഗിച്ചു.


കൂടുതൽ പേർ എത്തുന്ന സാഹചര്യം ഉണ്ടായാൽ വേദിയിലേക്കുള്ള റോഡുകൾ അടയ്ക്കും. തിരക്ക് അനിയന്ത്രിതമായാൽ പരിപാടി റദ്ദാക്കുമെന്നും പൊലീസ് വ്യക്തമാക്കി.























