ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോലി

ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം വിരാട് കോലി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റിൽ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റിൽ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യർത്ഥിച്ചെങ്കിലും വിരാട് കോലി ഇതിന് മറുപടി നൽകിയിരുന്നില്ല.

”ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ഇന്ത്യയുടെ ബാഗി ബ്ലൂ ജേഴ്സി ധരിച്ചിട്ട് 14 വർഷമായി. സത്യസന്ധമായി പറഞ്ഞാൽ ഈ യാത്ര എന്നെ ഇത്രയും ദൂരം കൊണ്ടുപോകമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല.ടെസ്റ്റ് ക്രിക്കറ്റ് എന്നെ പരീക്ഷിച്ചു, പാകപ്പെടുത്തി, ജീവിതത്തിൽ പലതും പഠിപ്പിച്ചു. ദിവസങ്ങൾ നീളുന്ന പോരാട്ടങ്ങൾ, ആരും കാണാത്ത നമുക്ക് മാത്രം സ്വന്തമായ ചില ചെറിയ നിമിഷങ്ങൾ, അതെല്ലാം എന്നെന്നേക്കും എന്നോടൊപ്പമുണ്ടാകും. ഈ ഫോർമാറ്റിൽ നിന്ന് മാറി നിൽക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷെ ഇപ്പോൾ അതാണ് ശരിയെന്ന് എനിക്ക് തോന്നുന്നു.

എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാൻ ടെസ്റ്റ് ക്രിക്കറ്റിന് നൽകി. ഞാൻ പ്രതീക്ഷിച്ചതിലുമേറെ ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് തിരികെ നൽകി. ഈ കളിയോടും എൻറെ സഹതാരങ്ങളോടും ഈ യാത്രയിൽ ഞാൻ കണ്ട ഓരോ വ്യക്തിയോടും നന്ദി പറയുന്നു. നിറഞ്ഞ ഹൃദയത്തോടെയാണ് ഞാൻ മടങ്ങുന്നത്. എൻറെ ടെസ്റ്റ് കരിയറിലക്ക് ഞാൻ എപ്പോഴും ഒരു പുഞ്ചിരിയോടെയായിരിക്കും തിരിഞ്ഞുനോക്കുക-കോലി കുറിച്ചു.