പൊതുവേദിയിൽ കുഴഞ്ഞുവീണ് വിശാൽ

വില്ലുപുരത്ത് സംഘടിപ്പിച്ച പരിപാടിക്കിടെ പൊതുവേദിയിൽ കുഴഞ്ഞുവീണ് നടൻ വിശാൽ. സൗന്ദര്യമത്സരത്തിന് ആശംസകൾ അറിയിച്ച് തിരിച്ചു പോകവെയാണ് നടൻ ബോധരഹിതനായി കുഴഞ്ഞുവീണത്. ഉടൻ തന്നെ നടനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. നടന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോർട്ടുകൾ. കൂവാഗം കൂത്താണ്ടവർ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ട്രാൻസ്ജെൻഡറുകൾക്കായി സൗന്ദര്യ മത്സരം ഒരുക്കാറുണ്ട്. മത്സരം കാണാനും വിലയിരുത്താനും വിശിഷ്ടാതിഥിയായാണ് വിശാൽ എത്തിയത്. ഉച്ച ഭക്ഷണം കഴിക്കാത്തതിനെ തുടർന്നുണ്ടായ ക്ഷീണം കൊണ്ടാണ് നടൻ തളർന്നു വീണതെന്നാണ് താരത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.

ആരോഗ്യവുമായി ബന്ധപ്പെട്ട് വിശാലിനു മറ്റു പ്രശ്നങ്ങളില്ലെന്നും ഭക്ഷണം കൃത്യമായ സമയത്ത് കഴിക്കണമെന്ന് മെഡിക്കൽ ടീം അദ്ദേഹത്തോടു നിർദേശിച്ചിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ നടന്റെ ടീം വെളിപ്പെടുത്തി.

നേരത്തെയും പൊതുവേദിയിൽ നടൻ മോശം ആരോഗ്യാവസ്ഥയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ‘മദ ഗദ രാജ’യുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിൽ കടുത്ത പനിയും വിറയലോടെയുമാണ് വിശാൽ എത്തിയത്.