കോഹ്‌ലിക്ക് ലണ്ടനിൽ ഫിറ്റ്‌നെസ് ടെസ്റ്റ്; ബിസിസിഐ നടപടിയിൽ വിവാദം

ലണ്ടൻ: വിരാട് കോഹ്‌ലിക്ക് ലണ്ടനിൽ ഫിറ്റ്നസ് ടെസ്റ്റിന് വിധേയനാകാൻ അനുമതി നൽകിയ ബിസിസിഐയുടെ നടപടിയിൽ വിവാദത്തിൽ. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ രോഹിത് ശർമ, ജസ്പ്രീത് ബുംറ, ശുഭ്മാൻ ഗിൽ, മുഹമ്മദ് സിറാജ് എന്നിവരുൾപ്പെടെയുള്ളവർ എത്തി പരിശോധനയ്ക്ക് വിധേയമായപ്പോൾ കോഹ്‌ലി യുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു.

കുടുംബത്തോടൊപ്പം യുകെയിൽ കഴിയുന്ന കോഹ്‌ലിക്ക് ലണ്ടനിൽ ഫിറ്റ്‌നസ് ടെസ്റ്റ് എടുക്കാൻ ബിസിസിഐ പ്രത്യേക അനുമതി നൽകിയത് പുതിയ വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. രാജ്യത്തിന് പുറത്ത് ഫിറ്റ്‌നസ് പരിശോധനക്ക് വിധേയനായ ആദ്യത്തെ താരം വിരാട് കോഹ്‌ലിയാണെന്നാണ് റിപ്പോർട്ട്. മറ്റ് കളിക്കാരാരും ഇത്തരമൊരു ഇളവ് ആവശ്യപ്പെട്ടില്ല. വിരാട് ഇതിനായി അനുമതി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ടി20, ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ച കോഹ്‌ലിക്ക് ഏകദിന മത്സരങ്ങളാകും കളിക്കുക. ഒക്ടോബർ-നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ താരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.ബിസിസിഐ ഫിസിയോതെറാപ്പിസ്റ്റുകളുടെയും സ്‌ട്രെങ്ത് ആൻഡ് കണ്ടീഷനിങ് പരിശീലകരുടെയും സംഘം ലണ്ടനിൽ നടന്ന കോഹ്‌ലിയുടെ ഫിറ്റ്നസ് റിപ്പോർട്ടുകൾ ബിസിസിഐക്ക് സമർപ്പിച്ചതായാണ് റിപ്പോർട്ട്.