തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണ കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. അന്വേഷണം ബെംഗളൂരുവിലേക്കും നീളുന്നതായാണ് വിവരം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവതി ഗർഭഛിദ്രം നടത്തിയത് ബെംഗളൂരുവിലെ ആശുപത്രിയിൽവെച്ചാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് വിവരങ്ങൾ തേടിയതായാണ് വിവരം.


രണ്ട് യുവതികൾ ഗർഭഛിദ്രത്തിന് വിധേയരായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതായാണ് സൂചന. ആദ്യം ഗർഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ഗർഭഛിദ്രം നടത്തുന്നതിന് സഹായിച്ചതായും ഉദ്യോഗസ്ഥന് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചും ക്രൈംബ്രാഞ്ച് വിശദ അന്വേഷണം നടത്തിവരികയാണ്. ഗർഭഛിദ്രം നടത്തിയെന്ന് ആരോപണം ഉന്നയിച്ച യുവതിയുടെ അടക്കം മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്. പുറത്തുവന്ന ഫോൺസംഭാഷങ്ങളിലും വിദഗ്ധ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.


അതേസമയം രാഹുലിനെതിരെ പരാതി നൽകിയവരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം കൊച്ചി സ്വദേശിയായ അഭിഭാഷകൻ ഷിന്റോ സെബാസ്റ്റിയനിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽവെച്ചായിരുന്നു മൊഴിയെടുപ്പ്. സംഭവത്തിൽ തെളിവുകൾ കൈമാറിയിട്ടുണ്ടെന്നായിരുന്നു മൊഴിയെടുപ്പിന് ശേഷം ഷിന്റോ സെബാസ്റ്റിയൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രാഥമിക മൊഴിയെടുപ്പാണ് നടന്നകെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നതായും ഷിന്റോ പറഞ്ഞിരുന്നു.























