വിഷ്ണു പ്രസാദ് ഇനി ഓര്‍മ്മ

സിനിമാ–സീരിയൽ നടൻ വിഷ്ണു പ്രസാദിനു വിട നല്‍കി നാട്. അത്താണി പൊതു ശ്മശാനത്തിലായിരുന്നു സംസ്കാരം. മൃതദേഹം ഇന്നു രാവിലെ 7 മുതൽ കാക്കനാട് കങ്ങരപ്പടിയിലുള്ള ലെക്സിക്കോ നവോദയ എൻക്ലേവ് ഫ്ലാറ്റിൽ പൊതുദർശനത്തിനു വച്ചിരുന്നു. സഹപ്രവര്‍ത്തകരും ബന്ധുക്കളുമുൾപ്പടെയുള്ള ആളുകൾ വിഷ്ണുവിനെ അവസാനമായി കാണാൻ എത്തുകയുണ്ടായി.

കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു മരണം. കരൾസംബന്ധമായ അസുഖത്തിന് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. മകൾ ദാതാവായി കരൾ മാറ്റിവയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണു വിയോഗം.

ഭാര്യ: കവിത. മക്കൾ: അഭിരാമി, അനന്യക. കാൽനൂറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള വിഷ്ണുപ്രസാദ് സീരിയലിലാണു കൂടുതൽ വേഷങ്ങൾ ചെയ്തത്. സിനിമകളിലും അഭിനയിച്ചു.