ടെഹ്റാൻ: കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ ഭാര്യ മൻസൂറ ഖോജസ്തേ (79) മരിച്ചു. കഴിഞ്ഞദിവസം നടന്ന യുഎസ്-ഇസ്രയേൽ ആക്രണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഇവർ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

1964-ലാണ് ആയത്തൊള്ള അലി ഖമനേയി മൻസൂറയെ വിവാഹം കഴിച്ചത്. നീണ്ട 50 വർഷത്തിലേറെയായി അവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1947-ൽ മഷ്ഹദിലെ മതപരമായി അറിയപ്പെടുന്ന, ഒരു വ്യാപാരി കുടുംബത്തിലാണ് മൻസൂറ ജനിച്ചത്. അവരുടെ പിതാവ് മുഹമ്മദ് ഇസ്മയിൽ ഖോജസ്തേ ബാഗേർസദെ നഗരത്തിലെ പ്രമുഖ വ്യാപാരിയായിരുന്നു. ഇറാന്റെ പ്രക്ഷേപണ സ്ഥാപനമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് (ഐആർഐബി) ഡയറക്ടറായിരുന്ന ഹസ്സൻ ഖോജസ്തേ ബഗെർസാദ സഹോദരനാണ്. ഖമനേയിക്കും മൻസൂറയ്ക്കും നാല് ആൺമക്കളും രണ്ട് പെൺമക്കളുമാണുള്ളത്.


തലസ്ഥാനമായ ടെഹ്റാനിലെ ഖമനേയിയുടെ വസതിയും ഓഫീസുമുൾപ്പെടുന്ന കെട്ടിടസമുച്ചയം ലക്ഷ്യമിട്ട് ശനിയാഴ്ച രാവിലെ നടന്ന ഇസ്രയേൽ-യുഎസ് ആക്രമണത്തിലാണ് ആയത്തൊള്ള അലി ഖമയേനി കൊല്ലപ്പെട്ടത്. പ്രതിരോധമന്ത്രി അസീസ് നാസിർസാദെ, സൈനികമേധാവി അബ്ദുൾറഹീം മൗസവി, ഖമീനിയുടെ ഉപദേഷ്ടാവായ അലി ശംഖാനി, ഇറാൻ റെവലൂഷണറി ഗാർഡ് കോർ(ഐ.ആർ.ജി.സി.) തലവൻ മുഹമ്മദ് പാക്പുർ എന്നിവരും ആക്രമണത്തിൽ മരിച്ചിരുന്നു.























