കൊച്ചി : കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ആവശ്യമെങ്കിൽ ദിവ്യ ഉണ്ണിയെ പൊലീസ് തിരികെ വിളിക്കും. നൃത്ത പരിപാടിയുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ നൃത്താവതരണത്തിന് നേതൃത്വം നല്‍കിയ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത് പൊലീസിന് തിരിച്ചടിയായിട്ടുണ്ട്. അതിനിടെ നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍റെ ഉടമ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

ചട്ടം ലംഘിച്ച് തട്ടിക്കൂട്ട് വേദി സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ മറ്റുവഴിയില്ലാതെയായതോടെയാണ് സംഘാടകനായ നിഗോഷ് കുമാര്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയും ഇയാളോട് കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചിരുന്നു. മാത്രമല്ല പരിപാടി നടത്തിപ്പിന്‍റെ മുഖ്യചുമതല നിഗോഷിനായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത മൃദംഗ വിഷന്‍ സിഇഒയും മൊഴി നല്‍കിയത്. നിര്‍മ്മാണത്തിലെ അപാകതക്കൊപ്പം സാമ്പത്തിക വഞ്ചനാ കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തും. പരിപാടിക്ക് പണം നല്‍കി വഞ്ചിതരായെന്ന് പറഞ്ഞ് കൂടുതല്‍ ആളുകള്‍ പൊലീസിനെ സമീപിക്കുന്നുണ്ട്. മൃദംഗ വിഷന്‍റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. ഇതിനായി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.

























