കോഴിക്കോട്: വടക്കൻ കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതിവരുത്തുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരയ്ക്കൽ പ്രവൃത്തിക്കു തുടക്കമായി. ആദ്യ ബ്ലാസ്റ്റിങിന്റെ സ്വിച്ച് ഓൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയും വലിയ പ്രതീക്ഷയോടെയും എല്ലാവരുടെയും അനുമതിയോടെയും സ്വിച്ച് ഓൺ കർമം നിർവഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനായി.

ഏകദേശം 8.7 കിലോമീറ്റർ നീളമുള്ള തുരങ്കപാത പൂർത്തിയാകുന്നതോടെ കോഴിക്കോട് – വയനാട് യാത്രാസമയം പകുതിയായി കുറയും. ആനക്കാംപൊയിൽ മുതൽ മേപ്പാടി വരെ ഏകദേശം 8.7 കിലോമീറ്റർ ആണ് തുരങ്കപാതയുടെ ദൂരം. 2000 കോടിയിലധികം രൂപയാണ് ചെലവ്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തുരങ്കം നിർമിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു. നാലുവർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കാൻ സാധിക്കും. കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തുനിന്നാണ് പാറതുരക്കലിന് ആരംഭം കുറിക്കുക. തുടർന്ന് വൈകാതെത്തന്നെ വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്ന് പാറതുരക്കൽ പ്രവൃത്തികൾ ആരംഭിക്കും. ഒരേസമയത്തുതന്നെ ഇരുധ്രുവത്തിൽനിന്ന് തുരന്നുപോകുന്നതാണ് നിർമാണരീതി. മലബാർ മേഖലയുടെ വിനോദസഞ്ചാര-വാണിജ്യ മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് ഈ പാത വഴിതുറക്കും.


കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ. തുരങ്കപാതയുടെ നിർമാണക്കരാർ ഭോപാൽ ആസ്ഥാനമായുള്ള ദിലീപ് ബിൽഡ്കോൺ കമ്പനിയും സ്റ്റീൽ ബോസ്ട്രിങ് പാലത്തിന്റെ കരാർ ഹരിയാന ആസ്ഥാനമായ പുനിയ കൺസ്ട്രക്ഷൻ കമ്പനിയുമാണ് ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബിയിൽ നിന്ന് 2134.50 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.























