ഇന്ത്യയെ ‘ഭാരത്’ ആക്കാൻ ശ്രമം നടക്കുന്നതായി സൂചന; ദ്രൗപദി മുർമുവിന്റെ കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്‌’

ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി സൂചന. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഇതിനായി പ്രമേയം കൊണ്ടുവരുമെന്നാണ് അഭ്യൂഹം. ജി20 ഉച്ചകോടിയൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ഔദ്യോഗിക ക്ഷണത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്‌’ എന്നു രേഖപ്പെടുത്തിയതോടെയാണ് അഭ്യൂഹം പടർന്നത്.

സെപ്റ്റംബര്‍ ഒമ്പതിനും പത്തിനുമായി പ്രഗതി മൈതാനിയിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലെ ഭാരത മണ്ഡപത്തില്‍നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള അത്താഴവിരുന്നാണ് സെപ്റ്റംബര്‍ ഒമ്പത് ശനിയാഴ്ച രാത്രി എട്ടുമണിക്ക് നടക്കുന്നത്.

അതേസമയം, രാജ്യത്തിന്റെ പേര് ഓദ്യോഗികമായി ‘ഇന്ത്യ’യില്‍നിന്ന് ‘ഭാരതി’ലേക്ക് മാറ്റുമെന്ന് അഭ്യൂഹമുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ പ്രമേയം പാസാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ട്വീറ്റും ഈ അഭ്യൂഹത്തിന് ബലംനല്‍കുന്നു. റിപ്പബ്ലിക്ക് ഓഫ് ഭാരത്- നമ്മുടെ സംസ്‌കാരം അമൃത് കാലത്തിലേക്ക് ധൈര്യസമേതം മുന്നേറിക്കൊണ്ടിരിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നായിരുന്നു ഹിമന്ത ശര്‍മയുടെ ട്വീറ്റ്. നടൻ അമിതാഭ് ബച്ചനും ഭാരത് മാതാ കീ ജയ് എന്ന് എക്സിലൂടെ ട്വീറ്റ് ചെയ്തു.