‘ഗാന്ധിയുടെ സ്വാതന്ത്ര്യ സമരം ഫലിച്ചില്ല, നേതാജിയാണ് യഥാർത്ഥ രാഷ്ട്രപിതാവ്’; വിവാദ പരാമര്‍ശവുമായി തമിഴ്നാട് ഗവർണർ

ചെന്നൈ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിച്ച് തമിഴ്നാട് ഗവർണർ ആർ.എൻ രവി. ഗാന്ധിയുടെ സ്വാതന്ത്ര്യസമരം ഫലം കണ്ടില്ലെന്നും, 1942-നു ശേഷം ഗാന്ധിയുടെ പോരാട്ടങ്ങൾ അവസാനിച്ചു. ബ്രിട്ടീഷുകാർക്കെതിരെ ചെറുത്തുനിൽപ്പ് ഉണ്ടായില്ലെന്നും ആർ.എൻ രവി ആരോപിച്ചു. നേതാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചെന്നൈ കിണ്ടിയിലെ അണ്ണാ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതിന്റെ കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോരാട്ടങ്ങളല്ല. 1942ന് ശേഷം മഹാത്മാഗാന്ധി നടത്തിയ സമരങ്ങൾ ഫലം കണ്ടില്ല. ഇന്ത്യക്കകത്ത് ആളുകൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായിരുന്നു. നേതാജി സുഭാഷ് ഛത്ര ബോസ് ഇല്ലായിരുന്നെങ്കിൽ 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ലെന്നും ആർ.എൻ രവി പറഞ്ഞു.

ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും വ്യോമസേനയുടെയും വിപ്ലവമാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ കാരണം. ഇത് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആറ്റ്‌ലി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ്. രാജ്യത്തെ സർവകലാശാലകൾ നേതാജിയെ കുറിച്ചും ഇന്ത്യൻ നാഷണൽ ആർമിയെ കുറിച്ചും ഗവേഷണങ്ങൾ നടത്തണമെന്നും ഗവർണർ രവി കൂട്ടിച്ചേർത്തു.