തൃപ്പൂണിത്തുറ സ്ഫോടനം: കരാറുകാരന്റെ പോത്തന്‍കോട്ടെ ഗോഡൗണില്‍ നിന്ന് കഞ്ചാവും വലിയ പടക്കങ്ങളും കണ്ടെത്തി

തിരുവനന്തപുരം: തൃപ്പൂണിത്തുറ സ്ഫോടനവുമായി ബന്ധപ്പെട്ട് കരാറുകാരന്റെ പോത്തൻകോട് ശാസ്തവട്ടം ഗോഡൗണിൽ
നടത്തിയ പരിശോധനയില്‍ ഉഗ്രശേഷിയുള്ള പടക്കങ്ങൾ കണ്ടെത്തി. പോത്തൻകോട് പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പൊട്ടിത്തെറി നടന്നയുടൻ ഗോഡൗണിൽ നിന്ന് വലിയ തോതിൽ സാധനങ്ങൾ മാറ്റിയിരുന്നു. ഗോഡൗണിൽ നിന്നും കഞ്ചാവ് കണ്ടെത്തി.

ശാസ്തവട്ടം സ്വദേശി ആദർശാണ് പടക്കം പൊട്ടിക്കുന്നതിന് കരാർ എടുത്തത്. പൊട്ടിത്തെറിയിൽ ആദർശിന് ഗുരുതര പരുക്ക്പറ്റി ചികിത്സയിലാണ്. കേസിൽ രണ്ടുപേർ കൂടി കസ്റ്റഡിയിലായിരുന്നു. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി ഭാരവാഹികളെയാണ് കസ്റ്റഡിയിലെടുത്തത്. പടക്ക നിർമ്മാണശാലയിലെ രണ്ടു ജീവനക്കാർ നേരത്തെ കസ്റ്റഡിയിലായിരുന്നു.

സംഭവത്തിൽ എക്സ്പ്ലോസിവ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഹിൽപാലസ് പൊലീസ് ആണ് കേസെടുത്തത്. ഭരണസമിതി, പടക്കം എത്തിച്ചവർ, ഉത്സവകമ്മിറ്റി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. വെടിക്കെട്ടിന് അനുമതിയില്ലായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചു.

തൃപ്പൂണ്ണിത്തുറ സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.