നവകേരള സ്ത്രീ സദസ്സ്; 3000 സ്ത്രീകൾ പങ്കെടുക്കും, കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഫെബ്രുവരി 22ന് എറണാകുളത്ത് വച്ച് നടക്കുന്ന നവകേരള സ്ത്രീ സദസ്സ്, മുഖ്യമന്ത്രിയുമായി മുഖാമുഖം പരിപാടിയോടനുബന്ധിച്ചുള്ള പ്രൊഫൈല്‍ പിക്ചര്‍ കാമ്പയിന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പരിപാടിയുടെ ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

സമൂഹത്തിലെ വിവിധ മേഖലകളിലെ 3000ത്തോളം സ്ത്രീകളെ പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും നവകേരള സ്ത്രീ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജനപ്രതിനിധികള്‍, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വം വഹിക്കുന്നവര്‍, വകുപ്പ് മേധാവികള്‍, കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യ-വിദ്യാഭ്യാസ- വ്യവസായ-കാര്‍ഷിക മേഖലകളിലെ പ്രതിനിധികള്‍, പരമ്പരാഗത വ്യവസായ മേഖല, ഐ.ടി, കലാ- സാഹിത്യ- കായിക മേഖലകള്‍, ആദിവാസി, ട്രാന്‍സ് വനിതകള്‍, തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തത്തോടെയാണ് സദസ്സ് സംഘടിപ്പിക്കുന്നത്.

നവകേരളം കര്‍മ്മ പദ്ധതി സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ, നോളജ് എക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, വനിത വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.സി. ബിന്ദു, മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.