പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്നും പിന്തുണ ലഭിച്ചില്ല; നടി ഗൗതമി ബിജെപി വിട്ടു

ചെന്നൈ: ബിജെപിയില്‍ നിന്ന് രാജിവച്ച് നടി ഗൗതമി. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്നും പിന്തുണ ലഭിച്ചില്ലെന്നും സീറ്റ് നല്‍കാതെ തന്നെ കബളിപ്പിച്ചുവെന്നും ആരോപിച്ചാണ് ഗൗതമി ബിജെപി അംഗത്വം രാജിവച്ചത്. തന്‍റെ പണം തട്ടിയെടുത്തയാളെ പാര്‍ട്ടി പിന്തുണയ്ക്കുന്നുവെന്നും നീതി നിര്‍വഹണത്തില്‍ തമിഴ്നാട് സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

സീറ്റ് നൽകാമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് താന്‍ രാജപാളയം നിയമസഭ മണ്ഡലത്തിന്റെ ചുമതല ഏറ്റെടുക്കുകയും അടിത്തട്ടുമുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി അഹോരാത്രം പ്രയത്നിക്കുകയും ചെയ്തു. എന്നാല്‍ അവസാന നിമിഷം സീറ്റ് നല്‍കിയില്ലെന്നും ഗൗതമി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. സീറ്റ് നിഷേധിക്കപ്പെട്ടിട്ടും താന്‍ പാര്‍ട്ടിയില്‍ തുടര്‍ന്നുവെന്നും എന്നിട്ടും പാര്‍ട്ടിയില്‍ നിന്ന് തന്‍റെ ജീവിതത്തിലെ വിഷമസന്ധിയില്‍ യാതൊരു സഹായവും ലഭിച്ചില്ലെന്നും അവര്‍ പറയുന്നു. ഗൗതമിയുടെ കോടികൾ വില വരുന്ന ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് രാജിയിലേക്ക് നീങ്ങിയത്. ക്യാൻസർ ചികിത്സയ്ക്കും, മകളുടെ പഠനവുമായി ഗൗതമിയുടെ ഉടമസ്ഥയിൽ ഉണ്ടായിരുന്ന, ശ്രീ പെരുമ്പത്തൂരിലെ 46 ഏക്കർ ഭൂമി വിൽക്കാൻ തീരുമാനിച്ചിരുന്നു. അളകപ്പൻ എന്ന ബിൽഡിംഗ് കോൺട്രാക്ടറാണ് ഇടനിലക്കാരനായി പ്രവർത്തിച്ചത്. എന്നാൽ 25 കോടി മൂല്യം വരുന്ന ഭൂമി അളകപ്പൻ തന്നെ കബളിപ്പിച്ച് തട്ടിയെടുത്തെന്നാണ് നടിയുടെ പരാതി. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കഴിഞ്ഞ 40 ദിവസമായി അളകപ്പൻ ഒളിവിലാണ്. ഇത്തരത്തിൽ ഒളിവിൽ കഴിയുന്ന അളകപ്പന് പിന്തുണ നടക്കുന്നത് ബിജെപിയിലെ മുതിർന്ന നേതാക്കളെന്നാണ് ഗൗതമിയുടെ ആരോപണം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലയെയും ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയെയും ടാഗ് ചെയ്താണ് രാജിക്കത്ത് പങ്കുവെച്ചിരിക്കുന്നത്.