ഇഡി സുരേഷ് ഗോപിക്ക് തൃശൂരില്‍ മത്സരിക്കാന്‍ കളമൊരുക്കുന്നു; എംവി ഗോവിന്ദന്‍

കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് മത്സരിക്കാന്‍ ഇഡി കളമൊരുക്കുകയാണ് ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സഹകരണ മേഖലയെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. സിപിഎം നേതാക്കളെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടയ്ക്കാനാണ് നീക്കമെന്നും ഗോവിന്ദന്‍ ആരോപിച്ചു.

ഇ ഡിയേയും സിബിഐയേയും മറ്റ് ആളുകളെയും ഉപയോഗിച്ച് ഇടതുപക്ഷ സർക്കാരിനെയും പാര്‍ട്ടിയേയുമൊക്കെ കടന്നാക്രമിക്കാനാണ് ശ്രമിക്കുന്നത്. ആസൂത്രിതമായി പ്ലാന്‍ചെയ്ത് തിരക്കഥയുണ്ടാക്കിയാണ് ഇതൊക്കെ നടത്തുന്നത്. തൃശ്ശൂരില്‍ സുരേഷ് ഗോപി മത്സരിക്കുന്നതിന് വേണ്ടിയുള്ള കളമൊരുക്കി നാളെ പദയാത്ര നടത്തുകയാണ് ബിജെപി. ഒരു ബാങ്കില്‍നിന്ന് മറ്റൊരു ബാങ്കിലേക്കാണ് പദയാത്ര.

ഇ ഡിക്ക് ശാരീരികമായി കടന്നാക്രമണം നടത്താന്‍ അധികാരമുണ്ടോ. ശാസ്ത്രീയമായി അന്വേഷിക്കുകയല്ലേ അവര്‍ ചെയ്യേണ്ടത്. എന്നാൽ ശാസ്ത്രീയമായ ഒരു അന്വേഷണവും നടക്കുന്നില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.