‘കഞ്ഞി വച്ച് നല്‍കിയില്ല, ഭാര്യയെ ചവിട്ടി കൊന്നു’; ഭര്‍ത്താവിന് ജീവപര്യന്തം

കല്‍പ്പറ്റ: ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തവും പിഴയും വിധിച്ച് കോടതി. നൂല്‍പ്പുഴ ചീരാല്‍ വെണ്ടോല പണിയ കോളനിയിലെ വി.ആര്‍ കുട്ടപ്പനെ(39)യാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി. അനസ് ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. പിഴ അടക്കാന്‍ വീഴ്ച്ച വരുത്തിയാല്‍ അഞ്ച് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് കോടതി വിധിച്ചു.

2022 ഏപ്രില്‍ ആറിനായിരുന്നു സംഭവം. കുട്ടപ്പന്‍ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കഞ്ഞി വെച്ചു കൊടുത്തില്ലായെന്ന കാരണം പറഞ്ഞാണ് ഭാര്യ സീതയെ ഇയാള്‍ കൊലപ്പെടുത്തിയത്. സീതയുടെ പുറത്തും കാലുകളിലും കാപ്പി വടി കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു. പിന്നീട് രാത്രി പതിനൊന്നരയോടെ വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന സീതയെ കുട്ടപ്പന്‍ നെഞ്ചില്‍ ചവിട്ടി. നെഞ്ചിന്‍കൂട് തകര്‍ന്ന് ഹൃദയത്തില്‍ കയറി പെരികാര്‍ഡിയം സാക്കില്‍ രക്തം തളം കെട്ടിയാണ് സീത മരണപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.