സുരേഷ് ഗോപി നയിക്കുന്ന ബിജെപി പദയാത്രക്ക് കരുവന്നൂരില്‍ തുടക്കം

തൃശൂർ : സഹകരണ മേഖലയിലെ തട്ടിപ്പിനെതിരെ സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്രക്ക് കരുവന്നൂില്‍ തുടക്കമായി. ഞങ്ങള്‍ യുദ്ധത്തിലോ പോര്‍മുഖത്തിലോ ഒന്നുമല്ലെന്നും ഞങ്ങള്‍ നിഷ്ഠൂരത നേരിട്ട പാവം നിക്ഷേപകര്‍ക്കുവേണ്ടിയാണ് പദയാത്ര നയിക്കുന്ന സുരേഷ് ഗോപി പറഞ്ഞു. ഒട്ടും ആവേശഭരിതനായിട്ടല്ല ഞാനിവിടെ നിൽക്കുന്നത്. മാനുഷിക പരിഗണന മാത്രമാണ് എന്നെ ഇവിടെ എത്തിച്ചത്. പാവങ്ങളുടെ ചോരപ്പണം തിരികെ കൊടുക്കും വരെ സഹകരണ ബാങ്കുകൾ നിലനിൽക്കണം. പൂട്ടാൻ ഞങ്ങൾ സമ്മതിക്കില്ലെന്നും ഒരു ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

മനുഷ്യന് വേണ്ടിയാണ് ഈ പദയാത്രയെന്നും പാവങ്ങളുടെ കൂടെ നിന്നുകൊണ്ടുള്ള രാഷ്ട്രപ്രവര്‍ത്തനമാണിതെന്നും സുരേഷ് ഗോപി കൂട്ടിചേര്‍ത്തു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പദയാത്രയില്‍ പങ്കെടുക്കുന്നുണ്ട്.പദയാത്ര കരുവന്നൂരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കുമൊപ്പം തുടരുന്നതിനുള്ള തീനാളമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു.