ചെന്നൈ : നടി തൃഷക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പുചോദിച്ച് നടൻ മൻസൂർ അലിഖാൻ. ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ നടിക്ക് വലിയ ദുഃഖമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അത് മനസിലാക്കിയാണ് മാപ്പ് പറയുന്നത്. നടിയുടെ വിവാഹവേളയിൽ ആശീർവാദം നൽകാൻ തനിക്ക് കഴിയട്ടെയെന്നും നടൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. തനിക്കുവേണ്ടി വാദിച്ചവർക്കും എതിർത്തവർക്കും നന്ദി. മാധ്യമങ്ങൾ ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതിനു പകരം, മണിപ്പുരിലെ സ്ത്രീകൾക്ക് നീതി നേടി നൽകാൻ പ്രവർത്തിക്കണമെന്ന വിമർശനവും നടൻ ഉയർത്തി.

ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റില്‍ ആയിരുന്നു തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ മോശം പരാമർശം നടത്തിയത്. മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലായൊന്നും ആയിരുന്നു മൻസൂർ പറഞ്ഞിരുന്നത്. ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മൻസൂർ പറഞ്ഞിരുന്നു. തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ രൂക്ഷഭാഷയില്‍ തൃഷ പ്രതികരിച്ചിരുന്നു. തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞു.

























