നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു. 32 വയസായിരുന്നു. സെർവിക്കൽ കാൻസറിനെ തുടർന്നായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ പോസ്റ്റ ചെയ്ത കുറിപ്പിൽ വ്യക്തമാക്കുന്നു. പൂനത്തിൻറെ മാനേജറാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പൂനത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കിട്ട ഒരു പോസ്റ്റിലാണ് മരണവാർത്ത ആദ്യം വെളിപ്പെടുത്തിയത്. “ഇന്നത്തെ പ്രഭാതം ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. സെർവിക്കൽ ക്യാൻസർ ബാധിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ ദുഃഖമുണ്ട്,”പോസ്റ്റിൽ കുറിച്ചു. ജനപ്രിയ മോഡലായിരുന്ന പൂനം പാണ്ഡെ സമൂഹ മാധ്യമങ്ങളിൽ വലിയ ഫോളോവേഴ്സ് ഉള്ള താരമായിരുന്നു.

കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള പൂനം ഉത്തർ പ്രദേശിലെ കാൺപൂരിൽ 1991ലാണ് ജനിച്ചത്. ശോഭനാഥ് പാണ്ഡേ, വിദ്യാ പാണ്ഡേ എന്നിവരാണ് പൂനത്തിൻറെ മാതാപിതാക്കൾ. മോഡലിങ്ങിലൂടെയാണ് പൂനം സിനിമയിലെത്തിയത്. 2013 ൽ പുറത്തിറങ്ങിയ ‘നഷ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെ അരങ്ങേറ്റം.