ന്യൂഡല്‍ഹി : രാഷ്ട്രീയപ്പാർട്ടികള്‍ക്ക് സംഭാവന നല്‍കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസർക്കാരിന് തിരിച്ചടി.ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പദ്ധതിയില്‍ ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്.

ഇലക്ടറൽ ബോണ്ട് വിവരാകാശ നിയമത്തിന്റെ ലംഘനമാണെന്നും സംഭാവനകളെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. 1000 രൂപ മുതൽ ബോണ്ടുകൾ ലഭ്യമാകും.എസ്ബിഐയുടെ നിശ്ചിത ശാഖകൾ മാത്രമേ ഇലക്ടറൽ ബോണ്ടുകൾ ലഭ്യമാകൂ. അതുകൊണ്ട് തന്നെ എസ്ബിഐയോട് വിവരങ്ങൾ അറിയിക്കാൻ സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്. 2019 മുതലുള്ള വിവരങ്ങൾ നൽകാനാണ് നിർദേശം.


2018 ജനുവരി 2 മുതലാണ് ഇലക്ടറല്‍ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്നു കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറാക്കിയത്. ഇന്ത്യൻ പൗരനോ ഇന്ത്യയില്‍ പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കോ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാം. വ്യക്തികള്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ വാങ്ങാനും സാധിക്കും.അതേസമയം സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാണെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ഈ വ്യവസ്ഥയ്‌ക്കെതിരെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌സ് റിഫോംസ്, സിപിഐഎം അടക്കമുള്ളവരാണ് പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. ഈ കേസിലാണ് നിലവിലെ നിർണായക വിധി.























