അഭിമന്യു കൊലക്കേസ്: രേഖകള്‍ അപ്രത്യക്ഷമായതില്‍ ദുരൂഹതയെന്ന് കുടുംബം

കൊച്ചി: കോടതിയിൽ നിന്നും അഭിമന്യു കേസിന്റെ രേഖകൾ കാണാതായ സംഭവത്തിൽ പ്രതികരിച്ച് കുടുംബം. രേഖകൾ കാണാതായതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്ന് സഹോദരൻ പരിജിത്ത് ആവശ്യപ്പെട്ടു. രേഖകൾ കോടതിയിൽ നിന്ന് തനിയെ ഇറങ്ങി പോകില്ലല്ലോയെന്ന് സംഭവം ഞെട്ടൽ ഉണ്ടാക്കുന്നതാണെന്നും പരിജിത്ത് പറഞ്ഞു.

അഭിമന്യു കൊലക്കേസിന്റെ രേഖകള്‍ കാണാതായത് ഞെട്ടിച്ചെന്ന് സിപിഎം നേതാവ് എ.കെ ബാലന്‍ പറഞ്ഞു. ഹൈക്കോടതി സമഗ്ര അന്വേഷണം നടത്തണം. വര്‍ഗീയ സംഘടനയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നും എ.കെ ബാലന്‍ പറഞ്ഞു. അഭിമന്യൂ കൊലക്കേസിലെ രേഖകള്‍ കാണാതായത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കണമെന്ന് എസ്‌എഫ്‌ഐയും ആവശ്യപ്പെട്ടു.

അഭിമന്യു കൊല്ലപ്പെട്ട് ഇത്രയും നാൾ കഴിഞ്ഞിട്ടും അതിന്റെ ഉള്ളറകളെ കുറിച്ച് അന്വേഷണം ഉണ്ടായിട്ടില്ല. എറണാകുളം സെന്‍ട്രല്‍ പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച, കുറ്റപത്രം അടക്കമുള്ള പത്തിലേറെ രേഖകളാണ് നഷ്ടമായത്. കുറ്റപത്രം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കാഷ്വല്‍റ്റി രജിസ്റ്റര്‍, സൈറ്റ് പ്ലാന്‍ തുടങ്ങിയ രേഖകളാണ് കാണാതായത്.

എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ 26 ക്യാമ്ബസ് ഫ്രണ്ട് – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. 2018 ജൂലൈ ഒന്നിന് പുലർച്ചെയാണ് അഭിമന്യു മഹാരാജാസ് കോളജ് ക്യാമ്ബസില്‍ കൊല്ലപ്പെട്ടത്. ഇതേ കോളജിലെ അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിക്കും കുത്തേറ്റിരുന്നു. മഹാരാജാസിലെ വിദ്യാര്‍ത്ഥിയും ഒന്നാം പ്രതിയുമായ മുഹമ്മദ് ചൂണ്ടിക്കാണിച്ചത് പ്രകാരം ഒന്‍പതാം പ്രതി ഷിഫാസ് അഭിമന്യുവിനെ പിടിച്ചുനിര്‍ത്തുകയും സഹല്‍ കത്തികൊണ്ട് കുത്തുകയായിരുന്നുമെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്