കട്ടപ്പന ഇരട്ടക്കൊല; മൊഴി മാറ്റി പറഞ്ഞ് പ്രതി,നവജാത ശിശുവിന്റെ മൃതദേഹം തേടി പൊലീസ്, തിരച്ചിൽ ഇന്നും തുടരും

ഇടുക്കി: കട്ടപ്പനയില്‍ നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചില്‍ ഇന്നും തുടരും. 2016 ജൂലൈയിലാണ് കുഞ്ഞിന്‍റെ അച്ഛൻ നിതീഷ് ഭാര്യാ പിതാവിന്റെയും സഹോദരന്‍റെയും സഹായത്തോടെ അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ മൃതദേഹത്തിനായി ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.

മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തിൽ മറവ് ചെയ്‌തെന്നായിരുന്നു നിതീഷ് ആദ്യം നൽകിയ മൊഴി. എന്നാൽ തെളിവെടുപ്പിനിടെ നിതീഷ് മൊഴി മാറ്റി പറയുന്നുണ്ട്. ഇത് പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്. തൊഴുത്തിൽ പരിശോധന നടത്തി ഒന്നും കണ്ടെത്താതെ വന്നതോടെ മൃതദേഹം ഇവിടെ നിന്ന് മാറ്റിയെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്. എന്നാൽ കൂട്ട് പ്രതി വിഷ്ണു ഈ കാര്യം നിഷേധിച്ചു. അതിനാൽ വിഷ്ണുവിനെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, വിജയന്‍റേതെന്ന് കരുതുന്ന മൃതദേഹം കഴിഞ്ഞ ദിവസം പുറത്തെടുത്തു. മൂന്നായി മടക്കി കുഴിയില്‍ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കക്കാട്ടുകടയിലെ വീട്ടിലെ മുറിയില്‍ തറ പൊളിച്ച്‌ നടത്തിയ പരിശോധനയില്‍ പാന്റ്, ഷർട്ട്, ബെല്‍റ്റ് എന്നിവയുടെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. വിജയനെ കൊന്ന് വീടിന്റെ അകത്ത് കുഴിച്ചിട്ടെന്ന പ്രതി നിതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.