
കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദ് ആണ് പിടിയിലായത്. എറണാകുളം സൗത്ത് പൊലീസ് കർണാടകയിൽ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നടപടികൾ പൂർത്തിയാക്കി പ്രതിയെ കൊച്ചിയിലെത്തിക്കും.


ജോഷിയുടെ കൊച്ചി പനമ്പളളി നഗറിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ, വജ്രാഭരണങ്ങളും വാച്ചുകളും നഷ്ടപ്പെട്ടിരുന്നു. പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. വീടിൻറെ പിന്നാമ്പുറത്തെത്തിയ മോഷ്ടാവ് ജനലിൻറെ സ്ലൈഡിങ് ഡോർ തകർത്താണ് അകത്തുകടന്നത്. തുടർന്ന് അകത്തെ മുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും വജ്ര നെക്ലേസുകളും അടക്കമുളളവ എടുത്തുകൊണ്ടുപോയി. മറ്റൊരു മുറിയിൽ നിന്ന് കുറച്ച് പണവും മോഷ്ടിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കവർച്ചയ്ക്ക് പിന്നിൽ കേരളത്തിന് പുറത്ത് നിന്നുള്ളവരാണോ ഒന്നിൽ കൂടുതൽ പേർ കൃത്യത്തിന് പിന്നിലുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.























