മകളെ തിരികെയെത്തിക്കാമെന്ന പ്രതീക്ഷയോടെ നിമിഷപ്രിയയുടെ മാതാവ് യെമനിലെത്തി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ മാതാവ് പ്രേമകുമാരി യെമനിലെത്തി. ശനിയാഴ്ച രാത്രി വൈകി മനുഷ്യാവകാശപ്രവർത്തകനും ‘സേവ് നിമിഷപ്രിയ’ ആക്‌ഷൻ കൗൺസിൽ ഭാരവാഹിയുമായ സാമുവൽ ജെറോമിനൊപ്പമാണ് പ്രേമകുമാരി യെമെൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

മോചനത്തിനുള്ള ചർച്ചകൾക്കായാണ് യാത്ര. നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് മകളെ കാണാൻ പ്രേമ കുമാരിക്ക് ഡൽഹി ഹൈക്കോടതി അനുമതി നൽകിയത്. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായി പ്രേമ കുമാരി ഉടൻ ചർച്ചകൾ നടത്തുമെന്നാണ് വിവരം.

നിമിഷ പ്രിയയെ ഏഴ് വർഷത്തിനുശേഷം കാണാൻ പ്രേമകുമാരിയ്ക്ക് ഇന്ന് അവസരമുണ്ടാകും. അതിനുശേഷം യെമനിലെ ഗോത്രതലവന്മാരുമായും പ്രേമകുമാരി ചർച്ചകൾ നടത്തും. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായി പ്രേമകുമാരി നടത്തുന്ന ചർച്ച വിജയകരമായാൽ നിമിഷപ്രിയയ്ക്ക് നാട്ടിലെത്താനാകും.

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ൽ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയിൽ ഇളവു നൽകണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമൻ കോടതി തള്ളിയിരുന്നു.

ഇതിനെതിരെ നൽകിയ അപ്പീൽ യെമൻ സുപ്രിംകോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് നിമിഷ പ്രിയയുടെ കുടുംബത്തിന്റെ വാദം. ഇതിനായുള്ള ചർച്ചക്കാണ് ഇപ്പോൾ പ്രേമകുമാരി യെമനിലെത്തിയിരിക്കുന്നത്.