ജൂറിയിലെ പത്തു പേരു കണ്ട് മാർക്കിടാനല്ല, സിനിമ എടുക്കുന്നത് പ്രേക്ഷകർക്ക് വേണ്ടി: പൃഥ്വിരാജ്

‘ആടുജീവിത’ത്തിന് ദേശീയ അവാർഡ് ലഭിക്കാത്തതിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ജൂറിയിലെ പത്തു പേരു കണ്ട് മാർക്കിടുന്നതിലല്ല കാര്യമെന്ന് പൃഥ്വിരാജ് പറഞ്ഞു. സിനിമ എടുക്കുന്നത് പ്രേക്ഷകർക്ക് വേണ്ടിയാണെന്നും ‘ആടുജീവിത’ത്തിന് ഏറ്റവും വലിയ അവാർഡ് പ്രേക്ഷകർ തന്നുകഴിഞ്ഞു എന്നും പൃഥ്വിരാജ് പറഞ്ഞു. ഷാർജയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

പൃഥ്വിരാജിന്റെ വാക്കുകൾ ‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു ജൂറിയോ പത്ത് പേരോ കണ്ടു മാർക്കിടാനോ, ഏതെങ്കിലും രാജ്യാന്തര ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കാനോ വേണ്ടിയല്ല. തീർച്ചയായും അതൊക്കെ നല്ലതുതന്നെയാണ്, അതിന് അതിന്റേതായ ഗുണങ്ങളുമുണ്ടാകും. പക്ഷേ ആത്യന്തികമായി സിനിമ എടുക്കുന്നതു പ്രേക്ഷകർക്ക് വേണ്ടിയാണ്. പ്രേക്ഷകർക്കു തിയറ്ററിൽ പോയി കണ്ട് ആസ്വദിക്കാൻ വേണ്ടിയാണ് സിനിമ എടുക്കുന്നത്. അപ്പോൾ പ്രേക്ഷകർ ആ സിനിമയ്ക്ക് ഏറ്റവും വലിയ അവാർഡ് തന്നുകഴിഞ്ഞു. അതിന് പ്രേക്ഷകർക്ക് നന്ദി.’ ലോകോത്തര നിലവാരത്തിൽ ഒരുക്കിയ ‘ആടുജീവിത’ത്തിന് ദേശീയ അവാർഡിൽ അവഗണന നേരിട്ടത് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.