പരസ്പരം ചെളി വാരിയെറിയാതെ പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ പരിഹരിക്കണം; ദിലീപ്

സിനിമാ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പ്രതികരിച്ച് നടൻ ദിലീപ്. പരസ്പരം ചെളി വാരിയെറിയാതെ പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ പരിഹരിക്കണമെന്ന് ദിലീപ് പറഞ്ഞു. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ മലയാള സിനിമയിൽ ഉള്ളൂ. തുറന്നു സംസാരിക്കാൻ മാധ്യമങ്ങൾ പ്രകോപിപ്പിക്കും. എന്നാൽ, ഭരണസമിതിക്കുള്ളിൽ സംസാരിക്കുന്നതാണ് സംഘടനയുടെ അച്ചടക്കം. മാധ്യമങ്ങൾക്കു മുൻപിൽ പോയി സംഘടനയിലെ പ്രശ്നങ്ങൾ പറയുന്ന രീതി മാറണമെന്നും ദിലീപ് പറഞ്ഞു. കേരള ഫിലിം ചേംബറിന്റെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ദിലീപ്.

എല്ലാ സംഘടനകൾക്കും അവരുടേതായിട്ടുള്ള നിയമങ്ങളും രീതികളുമൊക്കെ ഉണ്ടാകും. അതിനകത്ത് പ്രശ്നങ്ങളും ഉണ്ടാകും. എന്നാൽ പുറത്തേക്ക് വരേണ്ട ശബ്ദം ഒന്നായിരിക്കണം. മറ്റൊരു അസോസിയേഷനുമായി പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, ‘ഞങ്ങൾക്കൊരു ബുദ്ധിമുട്ടുണ്ട് അതൊന്ന് പരിഹരിക്കണം’ എന്നു പറഞ്ഞ് കത്ത് നൽകണം. ഇവിടെ ഏറ്റവും അതോറിറ്റി എന്ന് പറയുന്നത് കാശ് മുടക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാഗമായ നിർമാതാക്കൾ തന്നെയാണ്. അവർ ഒരു സിനിമയെടുക്കാൻ തീരുമാനിക്കുന്നു എന്നു പറയുന്നത് വലിയ കാര്യമാണ്. അവർ തീരുമാനിക്കുന്നത് കൊണ്ടാണ് ജോലി ഉണ്ടാകുന്നത്, ഒരുപാട് കുടുംബങ്ങൾ മുന്നോട്ട് പോകുന്നത്. അതിനൊപ്പം തന്നെയാണ് സിനിമയുടെ സാങ്കേതികവശവും. ഒരു സിനിമയ്ക്ക് അനുയോജ്യമായ കഥയും സംവിധാന രീതികളും സാങ്കേതിക വശങ്ങളും എല്ലാം വേണം. വളരെ പ്രഗത്ഭരായ സാങ്കേതികപ്രവർത്തകരാണ് ഇവിടെയുള്ളത്. തിരക്കഥയിലെ കാര്യങ്ങൾ മികച്ച രീതി‌യിൽ സ്ക്രീനിൽ അഭിനയിച്ച് ഫലിപ്പിക്കുന്ന താരങ്ങൾ, ഡിസ്ട്രൂബ്യൂട്ടേഴ്സ്, പ്രദർശനശാലകൾ ഇതെല്ലാം ചേരുന്ന കൂട്ടായ്മയാണ് സിനിമ. അതുകൊണ്ട് പരസ്പരം ചെളിവാരിയെറിയാതിരിക്കാൻ ശ്രമിക്കാമെന്നും ദിലീപ് പറഞ്ഞു.