കുമളി: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് പിന്നിട്ട സാഹചര്യത്തിലാണ് ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയത്. സെക്കൻഡിൽ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ എട്ടു മണിക്ക് ഡാമിലെ ജലനിരപ്പ് 138.25 അടിയിലെത്തിയിരുന്നു. ഡാം തുറന്നതോടെ പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

ശനിയാഴ്ച പുലർച്ചെ ഡാമിലെ ജലനിരപ്പ് 3.00 മണിക്ക് 136.00 അടിയിൽ എത്തിയിരുന്നു. വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള ജലപ്രവാഹം വർദ്ധിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.


ഇടുക്കി ജില്ലയിലെ വിവിധ മേഖലകളിൽ ശക്തമായ മഴായാണ് അനുഭവപ്പെടുന്നത്. കുമളി, നെടുങ്കണ്ടം, കട്ടപ്പന മേഖലകളിൽ രാത്രിയോടെ അനുഭവപ്പെട്ട ശക്തമായ മഴ പുലർച്ചെ വരെയും തുടർന്നു. വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൻ രാത്രിയിലെ മഴയിൽ വെള്ളം കയറി. കക്കികവലയിൽ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. നെടുങ്കണ്ടം തൂക്കുപാലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒലിച്ചുപോയി. സ്‌കൂട്ടറും കാറുമാണ് ഒലിച്ചുപോയത്. നെടുങ്കണ്ടം മേഖലയിൽ മഴ ശക്തമാണ്.കൂട്ടാറിൽ നിർത്തിയിട്ടിരുന്ന ട്രാവലർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. മഴ ശക്തമായതോടെ ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള ഡൈവേർഷൻ അണക്കെട്ടായ കല്ലാർ ഡാമിൽ നിന്നും ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങിയിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് 824.5 മീറ്റർ പിന്നിട്ട സാഹചര്യത്തിലാണ് നടപടി. നാല് ഷട്ടറുകൾ 60 സെന്റിമീറ്റർ തുറന്ന് 160 ക്യൂമെക്സ് ജലമാണ് ഒഴുക്കിവിടുന്നത്.























