പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് രജിഷ വിജയൻ. ജയ് ഭീം മുതൽ ബൈസൻ വരെയുള്ള സിനിമകളിലൂടെ തമിഴിലും രജിഷ കയ്യടി നേടിയിട്ടുണ്ട്. രജിഷയുടെ ഏറ്റവും പുതിയ ചിത്രമാണ് മസ്തിഷ്‌ക മരണം. കൃഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്നുള്ള രജിഷയുടെ ഡാൻസ് നമ്പറിന്റെ ലിറിക്കൽ വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കോമള താമര എന്ന് തുടങ്ങുന്ന പാട്ടിൽ രജിഷയെത്തുന്നത് ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ്. രജിഷയുടെ ഗ്ലാമർ മേക്കോവർ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

എന്നാൽ താരത്തിനെതിരെ കടുത്ത സൈബർ ആക്രമണം നടക്കുന്നത്. ഐറ്റം ഡാൻസ് ചെയ്യില്ലെന്ന് മുമ്പ് പറഞ്ഞ അഭിമുഖം കുത്തിപ്പൊക്കിയാണ് താരത്തെ ആക്രമിക്കുന്നത്. 2022 ൽ മിർച്ചി എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് താൻ ഐറ്റം ഡാൻസ് ചെയ്യില്ലെന്ന് രജിഷ പറഞ്ഞത്. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ”ഐറ്റം ഡാൻസ് കളിക്കാൻ അന്നും ഇന്നും എനിക്ക് ഇഷ്ടമല്ല. ഐറ്റം ഡാൻസിൽ വരുന്ന പാട്ട്, അതിലെ വരികൾ, വസ്ത്രം, അതിൽ കാണിക്കുന്ന മൂവ്‌സ്, വെച്ചിരിക്കുന്ന ക്യാമറ ആംഗിൾ, സൂം ഇൻ സൂം ഔട്ട്, വയർ കാണിക്കുന്നത്, അതിനോടൊന്നും താൽപര്യമില്ല. മനുഷ്യ ശരീരത്തെ ഒബ്‌ജെക്ടിഫൈ ചെയ്യുന്ന എന്ത് കാര്യമായാലും അത് ചെയ്യാൻ എനിക്ക് താൽപര്യമില്ല. എന്റെ ബോഡി ടൈപ്പിന് ചേരുന്ന, എനിക്ക് ചെയ്യാൻ പറ്റുന്ന റോളുകൾ മാത്രമേ ചെയ്യുകയുള്ളൂ” എന്നാണ് രജിഷ പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് രജിഷയ്‌ക്കെതിരെ അധിക്ഷേപവുമായെത്തുന്നത്. ‘ചാൻസ് കുറയുമ്പോൾ പലതും മറക്കും.. കംപ്രോമിസ് ചെയ്യും, പൈസ കൂടുതൽ കൊടുത്താൽ ഇവളൊക്കെ എന്തും ചെയ്യും , അത് പിന്നെ കാശിനു കുറച്ചു അത്യാവശ്യം ഉണ്ടായിരുന്നു, പണത്തിന് മുകളിൽ പരുന്തും പറക്കില്ല, ഇത് ഐറ്റം ഡാൻസ് അല്ല നാടോടി നൃത്തമാണ്, ഫീൽഡിൽ പിടിച്ചു നിൽക്കണ്ടേ, അന്ന് മദ്യലഹരിയിലായിരുന്നുവെന്ന് പറയാം’ എന്നിങ്ങനെ പോവുകയാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ.


അതേസമയം താരത്തെ പിന്തുണച്ചും ആളുകളെത്തുന്നത്. നാല് വർഷം മുമ്പ് പറഞ്ഞത് അന്നത്തെ ബോധ്യത്തിൽ നിന്നായിരുന്നു. നാല് വർഷത്തിനിപ്പുറം കാഴ്ചപ്പാടുകളിലും ചിന്തകളിലും മാറ്റം സംഭവിക്കുന്നത് സ്വാഭാവികമാണെന്നാണ് താരത്തെ പിന്തുണച്ചെത്തുന്നവർ പറയുന്നത്.























