കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലുമായി എത്തിയ രോഗിക്ക് പേവിഷബാധ വാക്സിൻ മാറി നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്. കൊല്ലം ഡെപ്യൂട്ടി ഡിഎംഒ ആശുപത്രിയിൽ എത്തി പരിശോധന നടത്തി. പെൺകുട്ടിക്ക് കുത്തിവയ്പ്പ് നൽകിയ നഴ്സിനെ ചുമതലകളിൽ നിന്ന് മാറ്റി. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടന്നാണ് നടപടി. ശ്വാസം മുട്ടൽ മാറുന്നതിനുള്ള കുത്തി വെയ്പ്പിന് ഡോക്ടർ നിർദേശിച്ച കുറിപ്പുമായി എത്തിയ പെൺകുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റ് എത്തിയ ആളുടെ മരുന്ന് മാറി നൽകി എന്നാണ് പരാതി.

രണ്ട് ദിവസം മുമ്പ് ഒപി വിഭാഗത്തിൽ ചികിത്സയ്ക്കെത്തിയ പതിനെട്ടുകാരിക്കാണു മരുന്നു മാറി കുത്തിവയ്പ് എടുത്തത്. കടുത്ത ശ്വാസംമുട്ടലിനെ തുടർന്നു ബുദ്ധിമുട്ടിലായ പെൺകുട്ടി അമ്മയ്ക്കൊപ്പമാണ് ആശുപത്രിയിൽ എത്തിയത്. ഇൻജക്ഷൻ നൽകാൻ നിർദേശിച്ചുള്ള ഡോക്ടറുടെ കുറിപ്പുമായി എത്തിയ പെൺകുട്ടിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് മരുന്നു മാറി കുത്തിവയ്ക്കുകയായിരുന്നു. തെരുവുനായ കടിച്ചു പരിക്കേറ്റ ചികിത്സയ്ക്കെത്തിയ ആൾക്ക് എടുക്കാനായി വച്ചിരുന്ന വാക്സിൻ ആണ് പെൺകുട്ടിക്ക് കുത്തിവച്ചത്. അബദ്ധം മനസ്സിലായതോടെ നഴ്സ് ക്ഷമാപണം നടത്തി.

























