ഓപ്പറേഷനിടെ വയറ്റിൽ തുണിക്കഷണം തുന്നിക്കെട്ടി; സ്വകാര്യ ആശുപത്രിക്കെതിരെ യുവതിയുടെ പരാതി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സാ പിഴവുണ്ടായെന്ന് പരാതി. കഴക്കൂട്ടം സിഎസ്‌ഐ മിഷൻ ആശുപത്രിക്കെതിരെയാണ് പരാതി. മേനംകുളം സ്വദേശി ഷീബ പ്രമോദാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഓപ്പറേഷനിടെ വയറിൽ തുണിക്കഷണം തുന്നിക്കെട്ടി. ഇതേത്തുടർന്ന് മുറിവ് ഉണങ്ങാതെ പഴുത്തുവെന്നും പരാതിയിൽ ഷീബ പറയുന്നു. പനി ബാധിച്ചാണ് ഡിസംബർ രണ്ടിന് ഷീബ ആശുപത്രിയിൽ ചെല്ലുന്നത്. പിറ്റേദിവസം വയറുവേദനയുണ്ടായി. സ്‌കാനിങ്ങിന് ശേഷം അപ്പൻഡിസൈറ്റിസിന് ഓപ്പറേഷൻ ചെയ്യണമെന്ന് പറഞ്ഞു. ബ്ലീഡിങ്ങ് ഉണ്ടായതിനു പിന്നാലെ ശസ്ത്രക്രിയ ചെയ്തുവെന്നും ഷീബ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നുമാസത്തോളം വയറുവേദന തുടർന്നുവെന്നും ഷീബ പറഞ്ഞു.

മുറിവിന്റെ ഭാ​ഗം ഉണങ്ങാതെ പഴുക്കുകയും ചെയ്തു. തുടർന്ന് മറ്റൊരു ആശുപത്രിയിൽ പോയി ചികിത്സ തേടിയപ്പോൾ, അവിടെ നടത്തിയ സ്‌കാനിങ്ങിലാണ് ശസ്ത്രക്രിയയ്ക്കിടെ തുണി വയറിൽ തുന്നിക്കെട്ടിയതായി കണ്ടെത്തിയതെന്ന് ഇവർ പറയുന്നു. പിന്നീട് വീണ്ടും ഓപ്പറേഷൻ നടത്തി തുണിക്കഷണം പുറത്തെടുക്കുകയായിരുന്നു. അപ്പൻഡിസെറ്റിസിന് ഡിസംബർ മൂന്നിനാണ് ഷീബ മിഷൻ ആശുപത്രിയിൽ ഓപ്പറേഷന് വിധേയയായത്. ഡിസംബർ 12 ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. എവിടെ നിന്നാണ്, എങ്ങനെയാണ് ഷിബയുടെ വയറിൽ തുണിക്കഷണം പോയതെന്ന് വ്യക്തമല്ലെന്നാണ് സ്വകാര്യ ആശുപത്രി അധികൃതർ പറയുന്നത്.