കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിക്ക് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശിച്ചു. എറണാകുളം സെൻട്രൽ പൊലീസ് കുട്ടിക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നാണ് നിർദേശം. ജീവന് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാരിനും എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് ജൂലൈ 10ലേക്ക് മാറ്റി.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നു കുടുംബം നൽകിയ പരാതിയിൽ ഭർത്താവ് മുഹമ്മദ് ഫർമാൻ നിയമനടപടി നേരിടുകയാണ്. കുടുംബത്തിൽനിന്ന് സംരക്ഷണം തേടിയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. ഹർജിക്കാരിയുടെയും സർക്കാർ അഭിഭാഷകന്റെയും വാദങ്ങളിൽനിന്നും ഹർജിക്കാരിയുടെ ജീവന് സംരക്ഷണം നൽകേണ്ടതുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു. ഹർജി തീർപ്പാക്കുന്നതുവരെ ഹർജിക്കാരിയുടെ ജീവന് ആവശ്യമായ സംരക്ഷണം നൽകാൻ എസ്എച്ച്ഒയോട് കോടതി നിർദേശിച്ചു.


കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് സിപിഎമ്മിന്റെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കേരളത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശ് പൊലീസ് ഭർത്താവിന്റെ പേരിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മധ്യപ്രദേശ് പൊലീസ് പെൺകുട്ടിയെ കൊണ്ടുപോകാനായി ഏതാനും നാളുകൾക്ക് മുമ്പ് കേരളത്തിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഏലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇവർ എത്തിയെങ്കിലും പെൺകുട്ടിയെ കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ അറസ്റ്റ് തടയണമെന്നും തനിക്ക് പ്രായപൂർത്തിയായെന്നും അവകാശപ്പെട്ട് പെൺകുട്ടിയും ഫർഹാനും കോടതിയെ സമീപിക്കുകയായിരുന്നു.
പെൺകുട്ടിക്ക് പ്രായപൂർത്തിയായതായി പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നുണ്ടെന്ന് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ഈ മാസമാദ്യം നിരീക്ഷിച്ചിരുന്നു. കൂടാതെ, തട്ടിക്കൊണ്ടുപോകൽ കേസിൽ മുൻകൂർ ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കുന്നതിനായി ഫർമാന് ഒരു മാസത്തെ ട്രാൻസിറ്റ് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. കുംഭമേളയിൽ മാല വിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പെൺകുട്ടി പ്രശസ്തയായത്.























