അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; 20കാരൻ പിടിയില്‍

കൊച്ചി: അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതി പിടിയില്‍. കൊച്ചി എളമക്കര സ്വദേശിയാണ് പിടിയിലായത്. കുട്ടി പോയിരുന്ന അങ്കണവാടിയിലെ ടീച്ചറുടെ മകനാണ് ഇയാൾ. ആലുവയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്ന പ്രതിയെ എളമക്കര പൊലീസാണ് പിടികൂടിയത്.

കൊച്ചി എളമക്കരയിൽ ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു സംഭവം നടന്നത്. മാതാപിതാക്കളുടെ പരാതിയിലാണ്
അറസ്റ്റ്. അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ആളാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് യുവാവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

സംഭവത്തില്‍ കര്‍ശന നടപടിക്ക് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദ്ദേശം നല്‍കിയിരുന്നു. വീഴ്ച വരുത്തിയ അങ്കണവാടി വര്‍ക്കറെ അടിയന്തരമായി സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാനായിരുന്നു മന്ത്രി നിര്‍ദ്ദേശിച്ചത്. അങ്കണവാടി പരിസരങ്ങളില്‍ പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്ന കര്‍ശന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചതിനായിരുന്നു നടപടി.