എല്ലാ സഹായവും ചെയ്തു, അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല: കുടുംബത്തിന്റെ കൂട്ട ആത്മഹത്യയില്‍ പൊലീസ്

കോതമംഗലം: പിറവത്ത് കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ മരണവാർത്തയുടെ ഞെട്ടല്‍ മാറാതെ കോതമംഗലം എസ്എച്ച്ഒ കെ.ആർ.പ്രശാന്ത് കുമാർ. സഹായം അഭ്യർഥിച്ചെത്തിയ കുടുംബത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചത് പ്രശാന്തും സംഘവുമാണ്. എല്ലാം ശരിയാക്കി കൊടുത്ത് കൂടെ നിന്നിട്ടും അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും എന്താണ് അവർക്ക് പിന്നീട് പറ്റിയതെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

‘‘ഒരാഴ്ച മുൻപാണ് കുടുംബം സ്റ്റേഷനിലെത്തിയത്. ചെറുവട്ടൂർ ലക്ഷംവീട് നഗറിലെ വാടകവീട്ടിലായിരുന്നു ഇവർ നേരത്തെ താമസിച്ചിരുന്നത്. വാടകവീട് ഒഴിയേണ്ടിവന്നപ്പോൾ മറ്റൊരു വീടിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പിന്നാലെയാണ് സ്റ്റേഷനിലെത്തിയത്. എറണാകുളം ജില്ലാ റൂറൽ പൊലീസ് മേധാവിയായിരുന്നു ഇത് എന്റെ ശ്രദ്ധയിൽ പെടുത്തിയത്. അങ്ങനെ അവരെ കാണുകയും അവർക്ക് വേണ്ട സഹായമെല്ലാം ചെയ്യുകയും ചെയ്തു.

ആദ്യം അവർക്ക് ഒരു ലോഡ്ജിൽ മുറിയെടുത്തു കൊടുത്തു. അവർക്ക് വേണ്ട മറ്റു സഹായങ്ങളും ചെയ്തു. പിന്നാലെ അവർക്ക് വാടക വീട് എടുത്തു നൽകാനുള്ള ശ്രമങ്ങളും തുടങ്ങി. കുട്ടി പഠിക്കുന്ന സ്കൂളിനടുത്ത് ഒരു വീട് വേണമെന്നായിരുന്നു അവരുടെ ആഗ്രഹം. അവിടെ തന്നെയാണ് ഞങ്ങൾ വീട് നോക്കിയതും. അങ്ങനെ ഒരെണ്ണം ശരിയാവുകയും ചെയ്തു. നിരന്തരം അവരുമായി ഞങ്ങൾ സംസാരിച്ചിരുന്നു. വീട് കൊണ്ട് കാണിക്കുകയും അവസാനം കാണിച്ച വീട് അവർ‌ക്ക് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. സംഭവം നടക്കുന്നതിന്റെ തലേദിവസവും അവരെ കണ്ടിരുന്നു. അപ്പോഴൊന്നും അവരുടെ ഉള്ളിൽ ഇങ്ങനൊരു ചിന്തയുണ്ടെന്ന് തോന്നിയതേ ഇല്ല. കയ്യിൽ പണമുണ്ടായിരുന്നില്ലെങ്കിലും പണമൊന്നും അവര്‍ ആവശ്യപ്പെട്ടിട്ടില്ല. ആരുടെ കയ്യിൽ നിന്നും പണം സഹായമായി വാങ്ങുകയും ചെയ്തിട്ടില്ല. പൊലീസ് ആയതുകൊണ്ട് മാത്രമാണ് അവർ ഞങ്ങളുടെ അടുത്ത് വന്നത്. വേറെ ആരുടെ അടുത്തും അവർ അങ്ങനെയൊന്നും ചോദിക്കുകയുമില്ല.

അവർക്ക് പുതിയ ഫോൺ വാങ്ങിക്കൊടുക്കണമെന്നെല്ലാം ഞങ്ങൾ ആഗ്രഹിച്ചിരുന്നു. ആധാർ കാർഡ് എടുത്ത് ഒരു സിം എടുക്കണമെന്നും പിന്നാലെ നമുക്കൊരു ഫോൺ വാങ്ങാമെന്നും അവരോട് പറയുകയും ചെയ്തു. കുറച്ച് പണവും അവർക്ക് നൽകിയിരുന്നു. ഇതെല്ലാം പറഞ്ഞ് പോയ അവർ ഇങ്ങനെ ചെയ്തു എന്ന് വിശ്വസിക്കാനായില്ല. പൊലീസ് ഗ്രൂപ്പിൽ അവരുടെ ഫോട്ടോ കണ്ടപ്പോൾ ആദ്യം അവരാവില്ലെന്ന് കരുതി. പിന്നെ ഒരു തവണ കൂടി നോക്കിയപ്പോഴാണ് അവർ തന്നെയാണെന്ന് മനസ്സിലായത്.

കോതമംഗലം ചെറുവട്ടൂരിൽ നിന്നു കാണാതായ കുടുംബത്തിലെ 4 പേരെ മൂവാറ്റുപുഴയാറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് നെന്മാറ ഇലവഞ്ചേരി നാരായണൻ (45), ഭാര്യ പായിപ്ര പാലക്കാപറമ്പിൽ വിജിമോൾ (43), 2 വയസ്സുള്ള മകൻ, 7 വയസ്സുകാരി ഹന്നമോള്‍ എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്. കാഴ്ച പരിമിതി ഉള്ളയാളാണു വിജിമോൾ. ഗുരുവായൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണു നാരായണനുമായി വിജിമോളുടെ വിവാഹം നടന്നത്. ‌കുടുംത്തോടൊപ്പം ചെറുവട്ടൂരിൽ താമസിച്ചു കൂലിപ്പണി ചെയ്യുകയായിരുന്നു നാരായണൻ. ഹന്നമോൾ ചെറുവട്ടൂർ ഗവ.എൽപി സ്കൂളിലെ 2–ാം ക്ലാസ് വിദ്യാർഥിയാണ്.