ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പൊളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങാനിരുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ സർക്കാർ പ്രോട്ടോക്കോൾ വിഭാഗത്തോട് വിശദീകരണം തേടി.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.50-നുള്ള ഡൽഹി-കോഴിക്കോട് ഇൻഡിഗോ വിമാനത്തിലാണ് അദ്ദേഹത്തിന് യാത്രചെയ്യേണ്ടിയിരുന്നത്. യാത്രയ്ക്കായി ഒന്നരയോടു കൂടി കേരള ഹൗസിൽനിന്ന് പുറപ്പെട്ട അദ്ദേഹം കൃത്യസമയത്ത് തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാൽ, വിമാനത്താവളത്തിലെ ലോഞ്ചിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന് വിമാനത്തിൽ കയറാനുള്ള അറിയിപ്പ് ലഭിക്കാത്തതിനെ തുടർന്നാണ് യാത്ര മുടങ്ങിയത്.


വിമാനക്കമ്പനിയുമായുള്ള ആശയവിനിമയത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് സംഭവിച്ച വീഴ്ചയാണ് ഇതിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. സാധാരണയായി വിഐപി യാത്രകൾ ഏകോപിപ്പിക്കുന്നത് പ്രോട്ടോക്കോൾ വിഭാഗമാണെങ്കിലും ഇത്തവണ വിമാനത്താവളത്തിനകത്ത് യാത്രയ്ക്കായി നൽകേണ്ട ബഗ്ഗി ഉൾപ്പെടെയുള്ള യാതൊരുവിധ വിഐപി പരിഗണനകളും അദ്ദേഹത്തിന് ലഭിച്ചില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.
സംഭവത്തിൽ വീഴ്ചയുണ്ടായ പശ്ചാത്തലത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി.
















