വിഖ്യാത ​ഗായിക എസ് ജാനകി അന്തരിച്ചു

ചെന്നൈ: ഗായിക എസ് ജാനകി അന്തരിച്ചു. മൈസൂരില്‍ വച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു.സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പ​ങ്കുവെച്ചത്. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും അവർ അഭ്യർഥിക്കുന്നു. ഇരുപതിലധികം ഭാഷകളിലായി ആയിരത്തിലേറേ പാട്ടുകള്‍ പാടിയിട്ടുണ്ട്. എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്‌, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്‌. 1200 പരം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്. ഇതിൽ സുപ്രസിദ്ധമായ നിരവധി ഗാനങ്ങളുൾപ്പെടുന്നു. സംഗീതസംവിധായകൻ എം.എസ്. ബാബുരാജാണ് ജാനകിയുടെ തരളിതമായ ശബ്ദം തിരിച്ചറിഞ്ഞു് അവരെ മലയാളത്തിലേക്കെത്തിച്ചത്.കുട്ടികളുടെ സ്വരത്തിൽ പാടുന്നതിനുള്ള സവിശേഷമായ കഴിവും ഈ ഗായികക്കുണ്ട്‌. മലയാളത്തിൽ ഇത്തരം ചില ഗാനങ്ങളും ആലപിച്ചിട്ടുണ്ട്‌

മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ്‌ നാലു തവണയാണ്‌ എസ്‌.ജാനകിക്ക്‌ ലഭിച്ചത്‌. മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സംസ്ഥാന അവാർഡ്‌ 14 തവണയും തമിഴ്‌നാട്‌ സർക്കാരിൻറെ അവാർഡ്‌ ഏഴു തവണയും ആന്ധ്രപ്രദേശ്‌ സർക്കാരിൻറെ അവാർഡ്‌ പത്തു തവണയും ഈ ഗായിക സ്വന്തമാക്കി. തമിഴ്‌നാട്‌ സർക്കാരിൻറെ കലൈമാമണി പുരസ്‌ക്കാരം 1986-ലും സുർ സിംഗർ അവാർഡ്‌ 1987-ലും കേരളത്തിൽനിന്നും സിനിമാ ആർക്കൈവർ അവാർഡ്‌ 2002-ലും സ്‌പെഷൽ ജൂറി സ്വരലയ യേശുദാസ്‌ അവാർഡ്‌ 2005-ലും ലഭിച്ചു.

1938-ൽ ഏപ്രിൽ 23-ന്‌ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് ജനിച്ചത്.