ഇന്നും വൈദ്യുതി നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: ഇന്നും രാത്രി വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി. പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് അറിയിപ്പ്. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതല്‍ 500 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ വൈദ്യുതി നിയന്ത്രണം ആവശ്യമാകുമെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.