വാങ്‌ചുകിൻ്റെ ആരോഗ്യനിലയിൽ ആശങ്കയെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം തുടരുന്ന സോനം വാങ്ചുക്കിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വാങ്‌ചുക്കിന്റെ ആരോഗ്യനില ഗുരുതരമാകുന്നതിൽ ആശങ്കയെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാർഥികളുടെ കണ്ണീരിനോട് മാത്രമല്ല, പോരാളിയുടെ ജീവനോടും കേന്ദ്ര സർക്കാരിന് അവഗണനയെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ 19 ദിവസമായി രാജ്യതലസ്ഥാനത്ത് യുവാക്കൾ ഈ പ്രതിക്ഷേധം നടത്തിവരികയാണ്. കേന്ദ്ര സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയിൽ നിന്നും അഴിമതിയിൽ നിന്നും വിദ്യാഭ്യാസ മേഖലയുടെ മോചനമാണ് അവർ ആവശ്യപ്പെടുന്നത്. പരീക്ഷാ ക്രമക്കേടുകൾ കാരണം സ്വപ്നങ്ങൾ തകർന്ന് ജീവനൊടുക്കിയ തങ്ങളുടെ സഹോദരങ്ങൾക്ക് നീതി ലഭിക്കാനായാണ് അവർ ഒത്തുചേർന്നിരിക്കുന്നത്. ബിജെപിയുടെ സ്തുതിപാഠകരായ മാധ്യമങ്ങൾ അവഗണിച്ചിട്ടും ഈ സമരം ഈ രാജ്യത്തിൻറെ ആകെ പ്രതിഷേധ ശബ്ദമായി വളർന്നിരിക്കുന്നു.

സോനം വാങ്ചുക്കിന്റെ ജീവൻ ഈ രാജ്യത്തിന് വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഇനിയും വഷളാകാൻ കേന്ദ്രസർക്കാർ അനുവദിക്കരുത്. അതോടൊപ്പം അഴിമതികളാൽ തകർന്നടിഞ്ഞ വിദ്യാഭ്യാസ സംവിധാനത്തെ ശുദ്ധീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും വേണം. ഈ സമരം ലക്ഷ്യം കാണേണ്ടത് നമ്മുടെ നാടിൻറെ ഭാവിയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഈ ജനകീയ പോരാട്ടത്തിനും അതിനു വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറായി മുന്നോട്ടുവന്ന സോനം വാങ്ചുക്കിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.