ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്നുള്ള പ്രക്ഷോഭത്തിൽ രാജിവച്ച ധർമേന്ദ്ര പ്രധാനു പകരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ നിയമിച്ചു. നിലവിൽ കേന്ദ്ര ഭക്ഷ്യ മന്ത്രിയാണ് പ്രൾഹാദ് ജോഷി. ഇന്ന് വൈകിട്ട് പുറത്തിറക്കിയ ഉത്തരവിലൂടെയാണ് പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നൽകിയത്.

നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന്റെ 35 ാം ദിവസത്തിലാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയായിരുന്നു പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. പ്രധാന്റെ രാജിക്കു പിന്നാലെ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയ സിജെപി സമരം അവസാനിപ്പിക്കാൻ തയാറായി. സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിക്കാമെന്ന കേന്ദ്രത്തിന്റ ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്. ഇതിനു പിന്നാലെയാണ് പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി നൽകി രാഷ്ട്രപതിയുടെ ഉത്തരവിറങ്ങിയത്.

























