മധ്യപ്രദേശിലെ രത്‌ലാം ജില്ലയിൽ വച്ച് ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്‌സ്പ്രസിന്റെ എസി കോച്ചിന് തീപിടിച്ചത്. തിരുവന്തപുരത്തു നിന്നും ഡൽഹിയിലേയ്ക്കു പോവുകയായിരുന്നു ട്രെയിൻ. ട്രെയിനിന്റെ (12431) ബി-1 (B-1) കോച്ചിൽ പുലർച്ചെ 5.15-നുണ്ടായ തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് തീ പടർന്ന കോച്ചിലെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കുകയും അവർക്കായി ലഘുഭക്ഷണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഓവർഹെഡ് എക്യുപ്‌മെന്റ് വഴിയുള്ള വൈദ്യുതി വിതരണം ഉടനടി വിച്ഛേദിച്ച് തീപിടിച്ച ബി-1 കോച്ച് ട്രെയിനിൽ നിന്ന് വേർപെടുത്തി. വെള്ളിയാഴ്ച തിരുവന്തപുരത്തു നിന്നും പുറപ്പെട്ട ട്രെയിൻ ഇന്ന് ഉച്ചയോടെ ഡൽഹിയിൽ എത്തേണ്ടതായിരുന്നു.

രാവിലെ 5:15 നാണ് തീപിടിത്തമുണ്ടായതെന്ന് വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഹർഷിത് ശ്രീവാസ്തവ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു. അപകടത്തിൽപ്പെട്ട കോച്ചിലെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കിയതായും യാത്രക്കാർക്കോ റെയിൽവേ ജീവനക്കാർക്കോ പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഹർഷിത് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. മലയാളികളടക്കം നിരവധി പേർ സ്ഥിരമായി യാത്ര ചെയ്യുന്ന ട്രെയിനാണിത്.


തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് 41:15 മണിക്കൂർ കൊണ്ട് 3144 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുന്നത്. ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്; ചൊവ്വ, വ്യാഴം, വെള്ളി. തിരുവനന്തപുരത്തിനും ഹസ്രത് നിസാമുദ്ദീനും ഇടയിലുള്ള യാത്രയിൽ രാജധാനി എക്സ്പ്രസിന് (12431) 19 സ്റ്റോപ്പുകളാണുള്ളത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗളൂരു, ഉഡുപ്പി, കാർവാർ, മഡ്ഗാവ്, രത്നഗിരി, പൻവേൽ, വസായ് റോഡ്, സൂററ്റ്, വഡോദര, രത്ലാം, കോട്ട ജംഗ്ഷൻ എന്നിവയാണ് സ്റ്റോപ്പുകൾ.
തീപിടിത്തത്തെ തുടർന്ന് മറ്റൊരു ട്രെയിൻ (12955) മഹിദ്പൂർ റോഡിൽ (MEP) നിർത്തിയിട്ടു. ഈ സെക്ഷനിലെ തടസ്സങ്ങൾ ഉടൻ തന്നെ നീക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.























