എം.ടിക്ക് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട്: അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ടെ എം.ടിയുടെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് അന്തിമോപചാരമർപ്പിച്ചത്. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, പി.എ മുഹമ്മദ് റിയാസ് എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിലെത്തിച്ച പ്രതിഭയേയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് നേരത്തേ അനുശോചനസന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കേരളത്തേയും മലയാളത്തേയും ലോകത്തിന്റെ നെറുകയിലെത്തിച്ച മഹാപ്രതിഭയുടെ വിടവാങ്ങലാണ് സംഭവിച്ചിരിക്കുന്നത്. ഇത് കേരളത്തിൽ സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ്. നമ്മുടെ സംസ്‌കാരത്തെ വലിയ തോതിൽ ഉയർത്തിക്കാട്ടാൻ എം.ടി. ചെയ്ത സേവനം മറക്കാവുന്നതല്ല. വിവിധ മേഖലകളിലാണ് അദ്ദേഹത്തിന്റെ സർഗവാസന കഴിവുതെളിയിച്ചിരുന്നത്. അദ്ദേഹം വിടപറഞ്ഞ ഘട്ടത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.’ -മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് എം.ടി. വാസുദേവൻ നായർ വിട പറഞ്ഞത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.